ഡല്‍ഹിയിലെ വായുമലിനീകരണം അനുദിനം മോശമാവുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ മോശം വിഭാഗത്തിലാണ് ഇവിടുത്തെ വായു ഗുണനിലവാരം. എന്നാല്‍ ഇന്നത്തോടെ അത് വളരെ മോശം അവസ്ഥയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാവര്‍ഷവും പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുമ്പോള്‍ ഡല്‍ഹിയിലെ വായു മലിനമാവാറുണ്ട്. ഇതേ തുടര്‍ന്ന് കര്‍ശനമായ നിയന്ത്രണം അവിടങ്ങളില്‍ ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്കിടയിലും കര്‍ഷകര്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിച്ചു കളയുന്നത് നിര്‍ബാധം തുടരുന്നു എന്നതാണ് പ്രശ്‌നം. ഇക്കൊല്ലം ഇത് അതി ഗുരുതരമായിരിക്കുകയാണ്. കുറച്ചു ദിവസം കൂടി കഴിയുന്നതോടെ സ്ഥിതി അതീവ സങ്കീര്‍ണമാവുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഇന്ന് രാവിലെ വായു നിലവാരം 286 ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേ തുടര്‍ന്ന് കര്‍ശനമായ നിയന്ത്രണം ഡല്‍ഹിയില്‍ ഏര്‍പ്പെടുത്താൻ ഒരുങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍.