അമേരിക്ക തുടങ്ങിയ ശക്തരായ രാഷ്ട്രങ്ങളുടെ എതിര്‍പ്പിനിടയിലും ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയം പാസ്സാക്കി ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി. ഇസ്രായേല്‍ -ഹമാസ് യുദ്ധത്തിന് അറുതി വേണമെന്നാണ് പ്രമേയം.
ജോര്‍ദാനാണ് പ്രമേയം കൊണ്ടുവന്നത്. 120 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യയടക്കം 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഹമാസിൻ്റെ ഭീകരാക്രമണത്തെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതി പക്ഷേ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചില്ല. ഭൂരിപക്ഷ പിന്തുണ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഈ ഭേദഗതി കൂട്ടിച്ചേര്‍ക്കാനായില്ല.
ഗസയിലേക്ക് തടസ്സമില്ലാതെ സേവനമെത്തിക്കല്‍, ഗസയിലെ ജനങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയവയാണ് ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയത്തിലെ പ്രധാന ആവശ്യങ്ങള്‍.
ഹമാസ് എന്ന ഭീകരവാദികളെ പിന്തുണക്കുകയായിരുന്നു ഭൂരിഭാഗം രാജ്യങ്ങളുമെന്ന് ഇസ്രായേല്‍ പ്രതികരിച്ചു. നിലനില്‍പ്പിനായുള്ള യുദ്ധത്തിലാണ് തങ്ങളെന്നും ഇസ്രായേല്‍ പറഞ്ഞു.