ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ചങ്ങനാശ്ശേരി പായിപ്പാട് ദേശീയപാത ഉപരോധിക്കുന്നു. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും നടക്കുന്ന പലായനത്തിന് തുല്യമായ അവസ്ഥയാണ് ഇപ്പോള്‍ ചങ്ങനാശ്ശേരിയില്‍ കാണുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനമെന്നും പലയിടങ്ങളിലും നടക്കുന്നില്ലെന്ന കാര്യമാണ് ഇപ്പോള്‍ തെളിയുന്നത്.
ഒന്നുകില്‍ ഭക്ഷണവും വെള്ളവും എത്തിക്കുക അല്ലെങ്കില്‍ നാട്ടിലേക്ക് പോകാന്‍ അനുവദിക്കുക എന്നതാണ് റോഡ് ഉപരോധിക്കുന്നവരുടെ ആവശ്യം. കോവിഡ് വൈറസ് വ്യാപനം നടക്കുമ്പോള്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു സമരം. നൂറുകണക്കിന് തൊഴിലാളികളാണ് ഇപ്പോള്‍ ഒരുമിച്ച് കൂടി ദേശീയപാതയില്‍ നില്‍ക്കുന്നത്. ലോക്ക് ഡൗണ്‍ ലംഘിച്ച് നടക്കുന്ന ദേശീയപാത ഉപരോധമായിട്ടും പൊലീസ് വലിയ നടപടികളിലേക്ക് കടക്കാത്തതില്‍ നാട്ടുകാരില്‍ ഭീതിയുണ്ട്. ഇത്രയും ആളുകള്‍ നില്‍ക്കുന്നത് രോഗ വ്യാപനം ഉണ്ടാക്കുമെന്ന പേടിയാണ് നാട്ടുകാര്‍ക്ക്.
തൊഴിലാളികളെ സംരക്ഷിക്കണമെന്ന ആവശ്യം പല വീട്ടുടമകളും പാലിക്കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍ ഭക്ഷണ സാധനങ്ങള്‍ അവിടെ എത്തിച്ചിരുന്നുവെന്ന് കലക്ടര്‍ പറഞ്ഞു. തൊഴിലാളികളുടെ ആവശ്യം അന്വേഷിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. എന്നാല്‍ സൗകര്യങ്ങള്‍ നേരത്തെ തന്നെ ഏര്‍പ്പെടുത്തിയെന്നാണ് സ്ഥലം എംഎല്‍എയും കലക്ടറും അറിയിച്ചതെന്നും എംപി പറഞ്ഞു. സൗകര്യങ്ങള്‍ ഒരുക്കിയതാണെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറ്ഞ്ഞു. നേരിട്ട് പോയി തന്നെ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വളരെ വേദനാജനകമാണ് സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചീഫ് സെക്രട്ടറിയുമായും സ്ഥലം എംഎല്‍എയും ബന്ധപ്പെട്ടുവെന്നും. അടിയന്തര നടപടി ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതിനിടെ തൊഴിലാളികളെ മാറ്റാന്‍ പൊലീസ് ലാത്തി വീശി. പരമാവധി തൊഴിലാളികളെ തിരിച്ച് താമസ സ്ഥലത്തേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. കലക്ടറും ജില്ലാ പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരുവരും തൊഴിലാളികളുമായി ചര്‍ച്ച നടത്തുകയാണ്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചതാണെന്നും ഭക്ഷണം ഇല്ല എന്ന പരാതി ഇതുവരെ അവര്‍ പറഞ്ഞിട്ടില്ലെന്നും കോട്ടയം കലക്ടര്‍ പി കെ സുധീര്‍ബാബു പറഞ്ഞു. എന്നാല്‍ നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ല. സംസ്ഥാനം മാത്രം വിചാരിച്ചാലും ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാനാകില്ലെന്നും കലക്ടര്‍ പറഞ്ഞു. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത്. തൊഴിലാളികളെ കാര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ജി ജയദേവന്‍ പറഞ്ഞു. ഇത്ര പെട്ടെന്ന് ഇത്രയധികം ആളുകള്‍ വന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കലക്ടറും ജില്ലാ പൊലീസ് സൂപ്രണ്ടും നേരിട്ട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ മടങ്ങിപ്പോയി തുടങ്ങി.