പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ അന്തരിച്ചു

0

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്‍ അന്തരിച്ചു. 101 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഗുജറാത്തിലെ മെഹ്‌സാനയില്‍ 1922 ജൂണ്‍ 18നാണ് ഹീരാബെന്നിന്റെ ജനനം. ചായ വില്‍പ്പനക്കാരനായ ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയാണ് ഭര്‍ത്താവ്. ആറുമക്കളാണ് ഈ ദന്ദതികള്‍ക്ക്. മൂന്നാമനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി, വാസന്തി ബെന്‍ എന്നിവരാണ് മറ്റ് മക്കള്‍. പങ്കജ് മോദിയുടെ ഒപ്പമായിരുന്നു ഭര്‍ത്താവിന്റെ മരണ ശേഷം താമസിച്ചിരുന്നത്.

നരേന്ദ്ര മോദിയും അമ്മയുമായി ഉണ്ടായിരുന്നത് ഏറെ വൈകാരികമായ അടുപ്പമായിരുന്നു.  അമ്മയുടെ ത്യാഗത്തെ പറ്റി പറയുമ്പോള്‍ വിതുമ്പുമായിരുന്നു എന്നും. അമ്മയെ കാണാന്‍ ഏത് തിരക്കിനിടയിലും അഹമ്മദാബാദില്‍ എത്തും. ഏത് പ്രതിസന്ധിയിലും അമ്മയാണ് തന്റെ ഊര്‍ജദായിനി എന്ന് പ്രഖ്യാപിച്ച മകനാണ് നരേന്ദ്ര മോദി. അമ്മക്ക് നൂറ് വയസ്സ് തികഞ്ഞപ്പോള്‍ വീട്ടിലെത്തി പാദപൂജ നടത്തിയിരുന്നു. നോട്ട് നിരോധന കാലത്തും കോവിഡ് ദുരന്തത്തിലും മകന് പിന്തുണയുമായി ഹീരാബെന്‍ വന്നത് ഏറെ ചര്‍ച്ചയായിരുന്നു.

അമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലേക്ക് പോയി. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖരെല്ലാം അനുശോചനം അറിയിച്ചു.