അറിവും വിനയവും സമ്മേളിച്ച മഹാമനീഷിയായിരുന്നു ബദരീനാഥ് ക്ഷേത്രം മുന്‍ റാവല്‍ജി പാച്ചമംഗലം ശ്രീധരന്‍ നമ്പൂതിരി. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ജീവിതത്തില്‍ ഒരിക്കലും മനസ്സില്‍ നിന്ന് മായാത്ത തണുത്ത ഓര്‍മയായി എന്നും സാന്നിധ്യമാവുന്ന സ്‌നേഹം.
അദ്ദേഹം അങ്ങനെയാണ്….. കുഞ്ഞിനോടും വൃദ്ധരോടും ഒരുപോലെ അടുപ്പവും സ്‌നേഹവും കാണിക്കുന്ന പ്രകൃതം. അറിവിൻ്റെ മഹാമേരുവില്‍ നില്‍ക്കുമ്പോഴും മറ്റുള്ളവരുടെ വാക്കുകള്‍ക്ക് എപ്പോഴും കാതോര്‍ത്ത് ശബ്ദം താഴ്ത്തി നിന്ന വിദ്യാര്‍ത്ഥിയുടെ മനസ്സ്. അറിയാത്ത വിഷയങ്ങളില്ല, ഏത് വിഷയത്തിലും മണിക്കൂറുകള്‍ സംസാരിക്കാനുള്ള ആധികാരിത. മനസ്സിൽ തോന്നുന്ന സംശയങ്ങള്‍ മറ്റുളളവരോട് ചോദിച്ച് മനസ്സിലാക്കാനുള്ള എളിമ. ശ്രീധരന്‍ നമ്പൂതിരിയെ വാക്കുകളില്‍ ഒതുക്കാന്‍ ബുദ്ധിമുട്ടാണ്.
അധ്യാത്മികം, സാംസ്‌ക്കാരികം, വിദ്യാഭ്യാസം, പരിസ്ഥിതി, ജീവകാരുണ്യം, ചികിത്സ.. അദ്ദേഹം ഇടപെടാത്ത മേഖലകള്‍ കുറവാണ്. അല്ലെങ്കില്‍ എല്ലായിടത്തും അദ്ദേഹം സജീവമായിരുന്നു. 1985 മുതല്‍ 1993 വരെ നയിബ് റാവല്‍ (ഉപ റാവല്‍) ആയും പിന്നീട് റാവല്‍ ആയും ശ്രീ ബദരീനാഥനെ സേവിച്ചതിൻ്റെ മഹാഭാഗ്യം. റാവല്‍ജിയായിരിക്കുമ്പോഴും മുടക്കാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. ഉത്തരാഖണ്ഡിലെ ശ്രീശങ്കര അദ്വൈത ഫൗണ്ടേഷന്‍ സ്ഥാപക അധ്യക്ഷനായും പ്രവര്‍ത്തനം. ഫൗണ്ടേഷന് കീഴില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സ്‌കൂളുകള്‍, അധ്യാത്മിക സത്രങ്ങള്‍, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, വനവത്ക്കരണ പ്രവര്‍ത്തനം…തുടങ്ങി നാടിനും ജനങ്ങള്‍ക്കും ഗുണകരമായ നിരവധി പദ്ധതികള്‍ നടക്കുന്നു.
പദ്ധതികള്‍ തുടങ്ങുക മാത്രമല്ല അത് വിജയകരമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും ശ്രീധരന്‍ നമ്പൂതിരിയുടെ ഇടപെടലുകള്‍ ഉണ്ടാകും. ചിരിയില്ലാതെ ആ മുഖം കാണാനാവില്ല, പുഞ്ചിരിയോടെയല്ലാതെ അദ്ദേഹം ആരോടും ഒന്നും പറയാറില്ല. തെളിമയും വ്യക്തതയും നിറഞ്ഞ വാക്കുകളും ആശയങ്ങളും.. മുന്നിലുള്ളവരുടെ ദോഷമോ ഗുണമോ…ഒന്നും അദ്ദേഹത്തിന് പ്രശ്‌നമല്ല.
വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാവരേയും ചേര്‍ത്ത് പിടിക്കുന്ന സ്വഭാവം.
2018ലെ മഹാപ്രളയത്തിലും കോവിഡ് ദുരന്തത്തിലും അദ്ദേഹത്തിൻ്റെ ചേര്‍ത്ത് പിടിക്കല്‍ സമൂഹം വീണ്ടും അനുഭവിച്ചു. പയ്യന്നൂരിലെ അദ്ദേഹത്തിൻ്റെ ഇല്ലത്ത് പ്രളയ സമയത്ത് താമസിച്ചത് നിരവധി പേരാണ്. അവരുടെ ജാതിയോ മതമോ ഭാഷയോ ഒന്നും അവിടെ വിഷയമായില്ല. അവര്‍ക്ക് അദ്ദേഹവും ഭാര്യയും അടുക്കളയില്‍ ഇരുത്തി ഭക്ഷണം വിളമ്പി നല്‍കി. അവരോടൊപ്പം ഇരുന്നു ആ കുടുംബവും ഭക്ഷണം കഴിച്ചു.
കോവിഡില്‍ സാമ്പത്തികമായി വലഞ്ഞ നിരവധി കുടുംബങ്ങള്‍ക്ക് മാസംതോറും ഒരു തുക ആവശ്യപ്പെടാതെ തന്നെ എത്തിച്ചു നല്‍കിയും ശ്രീധരന്‍ മ്പൂതിരി മാതൃകയായി. എന്നാല്‍ ഇതൊന്നും മറ്റൊരാളും അറിയരുതെന്നും അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു.
റാവല്‍ജി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ ശേഷം അദ്ദേഹം തൻ്റെ സേവന പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. 1200 വര്‍ഷം പഴക്കമുള്ള പൗരാണിക ധര്‍മ്മസംഘടനയായ ശ്രീ രാഘവപുരം സഭായോഗം പുനഃസംഘടിപ്പിച്ചതും അദ്ദേഹമായിരുന്നു. അതിൻ്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. കേരളത്തില്‍ മൂന്ന് വേദപാഠശാലകള്‍ സ്ഥാപിച്ചു. ഇതിനിടയില്‍ ക്ഷേത്രദര്‍ശന്‍ എന്ന പ്രസ്ഥാനത്തിൻ്റെ ജനറല്‍ സെക്രട്ടറിയായി. നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിൻ്റെ ഭാഗമായി ആസൂത്രണം ചെയ്തു. ഇവ ഓരോന്നായി നടപ്പാക്കുന്നതിനിടയിലാണ് അകാല വേര്‍പാട്. 13 ലക്ഷത്തിലധികം പേര്‍ വായിക്കുന്ന ക്ഷേത്രദര്‍ശന്‍ ഇ പേപ്പര്‍ അദ്ദേഹത്തിൻ്റെ ആശീർവാദത്തിലാണ് കൂടുതല്‍ കൂടുതല്‍ മുന്നോട്ട് പോകുന്നത്. വാര്‍ത്താമാധ്യമം, പഠന പദ്ധതി, പുസ്തക പ്രകാശനങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളുമായി ക്ഷേത്രദര്‍ശന്‍ മുന്നോട്ട് പോവുകയാണ്.
കണ്ണൂര്‍ ജില്ലയിലെ പെരിഞ്ചെല്ലൂര്‍ ഗ്രാമത്തില്‍ രാഘവപുരം സഭായോഗത്തില്‍ വസിഷ്ടഗോത്രത്തില്‍ വാസുദേവമംഗലം എന്ന പാച്ചമംഗലത്ത് ഇല്ലത്തില്‍ ഈശ്വരന്‍ മ്പൂതിരിയുടേയും ദേവകി അന്തര്‍ജനത്തിൻ്റേയും മകനായി 1960ലാണ് ജനനം. വേദപഠനത്തോടൊപ്പം വിദ്യാഭ്യാസത്തിനും പ്രധാന്യം നല്‍കി. മനശാസ്ത്രം, സംസ്‌കൃതം, ആയുര്‍വേദം, മാധ്യമപ്രവര്‍ത്തനം. ആയര്‍വേദം, ഇംഗ്ലീഷ് തുടങ്ങി നിരവധി വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവാണ് ആര്‍ജിച്ചത്. പുരാണങ്ങളിലും വേദങ്ങളിലും ആരേയും അതിശയിപ്പിക്കുന്ന പാണ്ഡിത്യം. പൂജ സമ്പ്രദായങ്ങളില്‍ സമഗ്രമായ ജ്ഞാനം. എന്നാല്‍ തൻ്റെ അറിവ് ആരിലും അടിച്ചേല്‍പ്പിക്കാത്ത സ്വഭാവം. എന്നും മറ്റുള്ളവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നതിലായിരുന്നു ശ്രീധരന്‍ നമ്പൂതിരിക്ക് താല്‍പ്പര്യം.
പരിയാരം മെഡിക്കല്‍ കോളേജില്‍ ഡിസംബര്‍ 29ന് രാത്രി അസ്തമിച്ചത് അറിവും വിനയവും സമ്മേളിച്ച മഹാമനീഷിയായിരുന്നു. ഇനിയുമേറെക്കാലം സമൂഹത്തിന് വെളിച്ചമാവേണ്ട മഹാമനുഷ്യനാണ് അകാലത്തില്‍ പൊലിഞ്ഞത്. ജീവിച്ചിരുന്ന കാലം മുഴുവന്‍ സമൂഹത്തിനായി പ്രവര്‍ത്തിച്ച ആ പുണ്യജന്മത്തിന് മലയാളി ഡസ്‌ക്ക് ന്യൂസിൻ്റെ ആദരാഞ്ജലികളും പ്രാര്‍ത്ഥനയും സമര്‍പ്പിക്കുന്നു.
ചീഫ് എഡിറ്റര്‍