ഇന്ത്യയിലെ മികച്ച പോലീസ് എന്ന ഖ്യാതിയുള്ള കേരള പോലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡി.ജി.പി അനിൽ കാന്ത്. വിദ്യാഭ്യാസ സമ്പന്നരായ ഏവരുടെയും ഭാഷയും, ഇടപെടലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാകണം. “തരംതാണ ഭാഷാപ്രയോഗം അരുത്.” കേരളപോലീസ് അക്കാദമിയിലെ പരിശീലനാർത്ഥികളുമായി സംസാരിയ്ക്കുകയായിരുന്നു ഡി.ജി.പി.
നമ്മളിൽ നിന്ന് മറ്റുള്ളവരെന്താണോ പ്രതീക്ഷിയ്ക്കുന്നത് അതേ പോലെ നമ്മളും പെരുമാറണം. ജീവിതാവസാനം വരെ കായിക ക്ഷമത നിലനിർത്തണമെന്നും പോലീസ് പ്രൊഫഷണലിസം പ്രാവർത്തികമാക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളപോലീസ് അക്കാദമി ഡയറക്ടർ ഐ.ജി പി വിജയൻ ചടങ്ങിൽ അധ്യക്ഷനായി. ട്രയിനീസിന്റെ സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും ഡി.ജി.പി മറുപടി നൽകി.
ഒരു ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഡി.ജി.പി കേരളപോലീസ് അക്കാദമിയിലെ പരിശീല സംവിധാനവും, സൌകര്യങ്ങളും സന്ദർശിച്ചു.
നവീകരിച്ച ബാരക്ക്, ട്രാഫിക് പരിശീല കേന്ദ്രം, ഡോഗ് സ്ക്വാഡ്, വിശ്രാന്തി, ഡിജിറ്റൽ നോളേജ് മാനേജ് മെന്റ് സിസ്റ്റം, കമ്പ്യൂട്ടർ ലാബ്, വെജിറ്റബിൾ ഗാർഡൻ തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഡി.ജി.പി കണ്ടു വിലയിരുത്തി. സന്ദർശക ഡയറിയിൽ അക്കാദമിയിലെ പരിശീലന മികവിനെയും, സ്റ്റാഫിനെയും, സംവിധാനത്തെയും അദ്ദേഹം പ്രശംസിച്ചെഴുതി. അക്കാദമിയുടെ വികസനത്തിനായി പരിശ്രമിക്കുന്ന ഏവരേയും അഭിനന്ദിച്ചു.