കോടികളുടെ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കേസെടുത്തു. സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് കോടികളുടെ കൊള്ളയിലാണ് ഇഡിയുടെ കേസ്. സംസ്ഥാന പൊലീസ് എഫ്‌ഐആറിലെ ആറ് പ്രതികള്‍ക്കെതിരെയാണ് ഇഡിയും പ്രാഥമികമായി കേസെടുത്തത്.
ടി ആര്‍ സുനില്‍കുമാര്‍, ബിജു കരീം, റജി അനില്‍കുമാര്‍, കിരണ്‍, എ കെ ബിജോയി, സി കെ ജില്‍സ് എന്നിവരാണ് പ്രതികള്‍. പിഎംഎല്‍എ ആക്ടിലെ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. ഇതോടെ സിപിഎം നേതാക്കളിലേക്കും അന്വേഷണം എത്തുമെന്ന് കരുതുന്നു.
കരുവന്നൂര്‍ തട്ടിപ്പ് വിവരം അറിഞ്ഞില്ലെന്ന സിപിഎം വാദം പൊളിയുന്ന സ്ഥിതിയാണ്. വിവരം സിപിഎം നേരത്തെ അറിയുകയും ഇതേ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ശബ്ദേഖ പുറത്തായി.
2018 ഡിസംബര്‍ എട്ടിന് ഇരിങ്ങാലക്കുട മാടായിക്കോണം ബ്രാഞ്ച് വിശദമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ബാങ്ക് പ്രസിഡണ്ടിൻ്റെ ബ്രാഞ്ചാണിത്. അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച നടന്നത്. പൊറത്തിശ്ശേരി ലോക്കല്‍ സെക്രട്ടറി രാജു കടുത്ത വിമര്‍ശനമാണ് യോഗത്തില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയായിരുന്നു ബാങ്ക് പ്രസിഡണ്ട്.