ഡോ. സന്തോഷ് മാത്യു എഴുതുന്നു
രണ്ടാം ലോക മഹായുദ്ധത്തിൻ്റെ പരിസമാപ്തിക്ക് ഇടയാക്കിയ ആണവ ബോംബ് ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിച്ചതിൻ്റെ 70 -ാം വാര്‍ഷികം ലോകമെങ്ങും ആചരിക്കുകയാണ്. 1945 ആഗസ്റ്റ് ആറിനും ഒമ്പതിനുമായി ജപ്പാനില്‍ പ്രയോഗിക്കപ്പെട്ട ആണവ ബോംബിനെ തുടര്‍ന്ന് അടിയറവ് പറഞ്ഞ ടോജോ ഭരണകൂടം പുതിയൊരു സര്‍ക്കാരിന് വഴിമാറുകയായിരുന്നു. ജപ്പാനും പുതിയൊരു പ്രഭാതത്തിലേക്ക് ക്രമേണ ഉയര്‍ത്തെഴുന്നേറ്റു.
ജപ്പാന്‍ ഭരണഘടനയില്‍ തന്നെ ലോകത്ത് ഇദംപ്രഥമമായി സമാധാന ഭരണഘടന എന്ന സംജ്ഞ കൊണ്ടുവരാന്‍ ആണവ പ്രഹരം ആ രാജ്യത്തെ നിര്‍ബന്ധിതമാക്കി. മറ്റ് രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ സംഭാഷണത്തിലൂടെയും സമാധാന സന്ധിയിലൂടെയുമാണ് തീര്‍ക്കേണ്ടത്, അല്ലാതെ ആയുധങ്ങള്‍ കൊണ്ട് അടരാടിയല്ല എന്നതാണ് രണ്ടാം ലോക മഹായുദ്ധാനന്തര ഭരണഘടനയില്‍ വ്യക്തമാക്കുന്നത്. ആര്‍ട്ടിക്കിള്‍ 9 പ്രകാരം ജപ്പാന്‍ യുദ്ധത്തിലേര്‍പ്പെടുകയോ യാതൊരു തരത്തിലും അതിൻ്റെ ഭാഗധേയം ആവുകയോ ചെയ്യേണ്ടതില്ല എന്ന് തറപ്പിച്ച് വ്യക്തമാക്കുന്നു.
ജപ്പാന്റെ നിയന്ത്രണത്തിലുള്ള കര അതിര്‍ത്തികളോ, സമുദ്രാന്തരീയ ഭാഗങ്ങളോ, ബഹിരാകാശ മേഖലകളോ ഒന്നും തന്നെ യുദ്ധമോ അതുമായി ബന്ധപ്പെട്ടിട്ടുള്ള യാതൊരു പ്രക്രിയകള്‍ക്കും വേദിയായി കൂടാ. അതുകൊണ്ട് തന്നെയാണ് പലപ്പോഴും നോബേല്‍ സമാധാന ചുരുക്കപ്പട്ടികയില്‍ ആര്‍ട്ടിക്കിള്‍ 9 നും അതിന് പ്രോത്സാഹനമേകുന്ന സര്‍ക്കാരിതര സംഘടനകളും ഇടംപിടിക്കുന്നത്.
എന്നാല്‍ ഇപ്പോഴത്തെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബ്ബേ, ആര്‍ട്ടിക്കിള്‍ 9 പൊളിച്ചെഴുതണമെന്ന വാദക്കാരനാണ്. പ്രത്യേകിച്ചും ചൈനയില്‍ നിന്ന് വന്‍തോതിലുള്ള ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍. ദക്ഷിണ ചൈന കടലിലെ പല ദ്വീപുകളുടേയും ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ബലപ്രയോഗത്തിലേക്ക് നീങ്ങാമെന്ന അവസ്ഥയിലാണിപ്പോള്‍. ചൈനയാകട്ടെ ഏഷ്യയെ ഒന്നാകെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിൻ്റെ ഭാഗമായി ജപ്പാനെ വരിഞ്ഞു മുറുക്കുകയാണ്.
ഇന്ത്യക്കെതിരേയും ഇത്തരം നീക്കങ്ങള്‍ ചൈന നടത്തുന്നു. spring of pearl എന്ന പേരിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ അവരുടെ നീക്കങ്ങള്‍. അതുകൊണ്ടാണ് ശത്രുവിൻ്റെ ശത്രു മിത്രം എന്ന നയതന്ത്ര സമീപനം നടപ്പില്‍ വരുത്തി ഇന്ത്യയും ജപ്പാനും അമേരിക്കയും ചേര്‍ന്നി സംയുക്ത സൈനികാഭ്യാസം ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്നത്. മലബാര്‍ നേവല്‍ എക്‌സര്‍സൈസ് എന്നു പേരിട്ടിരിക്കുന്ന ഈ സൈനിക അഭ്യാസത്തെ വലിയ അസഹിഷ്ണുതയോടെയാണ് ചൈന വീക്ഷിക്കുന്നത്.
ജപ്പാൻ്റെ ഏഴ് പതീറ്റാണ്ടായി തുടര്‍ന്നുവരുന്ന സമാധാന സഹവര്‍ത്തിത്വം എന്ന ഭരണഘടനാധിഷ്ടിത നയത്തില്‍ നിന്നുള്ള കാതലായ മാറ്റത്തിന് നിയമ നിര്‍മാണ സഭയായ ഡയറ്റിൻ്റെ ഇരു സഭകളും അംഗീകാരം നല്‍കിയിരിക്കുകയാണ്. യാഥാസ്ഥിതിക പാര്‍ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടി അംഗമാണ് പ്രധാനമന്ത്രി ഷിന്‍സോ ആബേ. സൈനിക പാരമ്പര്യത്തിലേക്ക് തിരിച്ചു പോകണമെന്ന പക്ഷക്കാരാണ് പ്രധാനമന്ത്രിയും ഭരണ കക്ഷിയും. 2012ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതു മുതല്‍ ആര്‍ടിക്കിള്‍ 9 പൊളിച്ചെഴുതണമെന്ന് വാദിക്കുന്നു.
ഉപരിസഭയായ ഹൗസ് ഓഫ് കൗണ്‍സിലേറ്റീവും അധോസഭയായ ഹൗസ് ഓഫ് റപ്രസന്ററ്റീവും ആബേക്കൊപ്പം ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും പൊതുജനാഭിപ്രായം ഭരണകൂടത്തിന് എതിരാണ്. ജപ്പാൻ്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യോഡോ നടത്തിയ അഭിപ്രായ സര്‍വേ പ്രകാരം സര്‍ക്കാരിൻ്റെ ഭരണഘടന ഭേദഗതി നീക്കങ്ങളെ 80 ശതമാനം ജനങ്ങളും എതിര്‍ക്കുകയാണ്. സര്‍ക്കാരിനുള്ള ജനസമ്മതി 37 ശതമാനമായി കുറയുകയും ചെയ്തു.
പ്രധാനമന്ത്രി ആബോയുടെ മുത്തച്ഛന്‍ നൊബുസുക്കെ കിഷിയാണ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഐസന്‍ഹോവറുമായി ചേര്‍ന്ന് സമാധാന സഹവര്‍ത്തിത്വത്തിനും നിരായുധീകരണത്തിനുമുള്ള കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ കടുത്ത ജനരോഷം നേരിട്ട കിഷി വൈകാതെ രാജിവെക്കുകയായിരുന്നു.
70 വര്‍ഷമായി തുടരുന്ന നിരായുധീകരണവും നിഷ്പക്ഷ നിലപാടും വളരെയൊന്നും ചര്‍ച്ച ചെയ്യാതെയാണ് ആബേ ഭരണകൂടം മുന്നോട്ട് പോകുന്നത് എന്നതാണ് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ജ്പ്പാന്റെ പ്രധാന ആരോപണം. എന്നാല്‍ ലോകരാജ്യങ്ങളുടെ മുന്‍നിരയിലേക്ക് സൈനികമായും സാമ്പത്തികമായും രാജ്യത്തെ എത്തിക്കുക എന്നതാണ് ആബേ ലക്ഷ്യമിടുന്നത്.
ഏതായാലും അടുത്ത അഞ്ച് വര്‍ഷത്തേക്ക് 232 കോടി ഡോളറിൻ്റെ സൈനിക ബഡ്ജറ്റുമായാണ് ആബേ മുന്നോട്ട് പോകുന്നത്. അത്യാധുനിക സൈനിക ഉപകരണങ്ങളും പടക്കോപ്പുകളും സ്വന്തമാവുന്നതോടെ ആയുധ മത്സരത്തില്‍ ഏഴ് പതീറ്റാണ്ടിന് ശേഷം ജപ്പാനും ഇറങ്ങി കളിക്കുകയാണ്. മാനവരാശിയാകട്ടെ ഏറെ പ്രതീക്ഷയോടെ കണ്ട ആര്‍ട്ടിക്കിള്‍ 9 ൻ്റെ ചരമത്തിനും സാക്ഷിയാകും.
ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫസര്‍
നാഷണല്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി