മാളയിലെ പൈതൃക സ്വത്തായ ജൂതന്മാരുടെ ആരാധനാലയം സിനഗോഗിൻ്റെ വഴി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിവാദങ്ങള്‍ക്കൊടുവില്‍ സിനഗോഗിൻ്റെ ഭൂമി മുസിരിസ് പൈതൃക പദ്ധതിക്ക് സ്വന്തമായി. സിനഗോഗിലേക്ക് പ്രവേശിക്കുന്നതിൻ്റെ മുന്‍പിലും തൊട്ടടുത്ത സമീപപ്രദേശങ്ങളിലുമായി ഉണ്ടായിരുന്ന അഞ്ചു കടമുറികളാണ് ഒഴിപ്പിച്ചത്.
ലാന്‍ഡ് റവന്യൂ വിഭാഗം കടമുറികള്‍ ഏറ്റെടുത്ത് മുസിരിസിന് കൈമാറി. കഴിഞ്ഞ മാസവും ഭൂമി ഏറ്റെടുക്കലിൻ്റെ ഭാഗമായി മൂന്ന് കടമുറികള്‍ ഒഴിപ്പിച്ചിരുന്നു. ആകെ എട്ട് കടമുറികളാണ് സിനഗോഗിൻ്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒഴിപ്പിച്ചിട്ടുള്ളത്.
മുസിരിസ് ഏറ്റെടുത്ത കടമുറികളുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് പ്രൊജക്റ്റ് മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ് അറിയിച്ചു. ശേഷം അനുബന്ധ പ്രവര്‍ത്തികളാരംഭിക്കും. സിനഗോഗിലേക്കുള്ള പ്രവേശനത്തിനായി വഴിയൊരുക്കും. സൗന്ദര്യവല്‍ക്കരണമടക്കമുള്ള പദ്ധതികള്‍ പൈതൃക സംരക്ഷണത്തിൻ്റെ ഭാഗമായി കൊണ്ട് വരാനും ഉദ്ദേശിക്കുന്നു.