എല്‍ഡിഎഫ് എംഎല്‍എമാര്‍ നിയമസഭ തല്ലിപ്പൊളിച്ച കേസില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. ഇത് പൊതുതാല്‍പ്പര്യമുള്ള കേസല്ലെന്നും സഭയിലെ വസ്തുക്കള്‍ നശിപ്പിച്ചതില്‍ എന്താണ് പൊതുതാല്‍പ്പര്യമെന്നും ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്.
നിയമസഭയിലെ അക്രമം പരിശോധിക്കേണ്ടത് സഭയാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ രഞ്ജിത് കുമാര്‍ വാദിച്ചു. ഒരു എംഎല്‍എ തോക്കെടുത്ത് വെടിവെച്ചാല്‍ സഭയ്ക്കാണോ പരമാധികാരം എന്നായിരുന്നു കോടതിയുടെ ചോദ്യം. ജനാധിപത്യത്തിൻ്റെ ശ്രീകോവിലാണ് നിയമസഭ. അതിലെ വസ്തുക്കള്‍ തല്ലിത്തകര്‍ക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത് എന്നും ജസ്റ്റീസ് ചന്ദ്രചൂഡ് ചോദിച്ചു.
കെ എം മാണിക്ക് എതിരായ പരാമര്‍ശത്തില്‍ നിലപാട് തിരുത്തിയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ അഴിമതിക്കെതിരയായിരുന്നു സഭയിലെ സംഘര്‍ഷം എന്നായിരുന്നു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ ഇന്നത് സര്‍ക്കാരിനെതിരെ എന്നാക്കി.
കോടതിയില്‍ ചൂടേറിയ വാദങ്ങള്‍ ഉണ്ടാകാറുണ്ട് എന്ന് വെച്ച് കോടതിയിലെ വസ്തുക്കള്‍ തല്ലിത്തകർത്താല്‍ അതിന് ന്യായീകരണമുണ്ടോ എന്ന് കോടതി ചോദിച്ചു. എന്ത് ചട്ടപ്രകാരമാണ് കേസ് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതെന്നും ജസ്റ്റീസ് ചോദിച്ചു.