HomeKeralaErnakulam കുഫോസിലെ സംവിധാനങ്ങള്‍ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താം

 കുഫോസിലെ സംവിധാനങ്ങള്‍ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താം

 കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശായിലെ (കുഫോസ്)  മത്സ്യ സംസ്‌കരണ- ഭക്ഷ്യോല്‍പാദന സംവിധാനങ്ങള്‍ ഈ മേഖലയിലെ പുതുസംരംഭകര്‍ക്ക് നിശ്ചിത കാലയളവിലേക്ക് നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന്‍ പറഞ്ഞു. സ്വന്തമായി സംസ്‌കരണ-ഉല്‍പാദന യൂണിറ്റുകള്‍ ആരംഭിക്കുന്നതുവരെ പുതുസംരംഭകര്‍ക്ക് സര്‍വ്വകലാശാലയിലെ സംവിധാനങ്ങള്‍ ഉപയോഗിക്കാം. കുഫോസിലെ മത്സ്യസംസ്‌കരണ വിഭാഗം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സടെന്‍ഷന്‍ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ മത്സ്യസംസ്‌കരണ സംരംഭകത്വ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചാന്‍സലര്‍. രജിസ്ട്രാര്‍ ഡോ.ബി.മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡീന്‍ ഡോ.റിജി ജോണ്‍, ഫിനാന്‍സ് ഓഫിസര്‍ ജോബി ജോര്‍ജ്, ഗവേഷണ വിഭാഗം മേധാവി ഡോ.ടി.വി.ശങ്കര്‍,  പ്രൊഫസര്‍മാരായ ഡോ.കെ.ഗോപകുമാര്‍, ഡോ.ശ്രീനിവാസ ഗോപാല്‍, ഡോ.രാധിക രാജശ്രീ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 50 പുതു സംരംഭകരാണ് അഞ്ച് ദിവസത്തെ സൗജന്യ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.   മത്സ്യസംസ്കരണം, ഉണക്കമത്സ്യം തയ്യാറാക്കുന്ന ശാസ്ത്രീയമാർഗ്ഗങ്ങൾ, ശാസ്ത്രീയമായ പാക്കിങ്ങ് രീതികൾ തുടങ്ങിയ രംഗങ്ങളിൽ പ്രായോഗിക പരിശീലനമാണ് പഠിതാക്കള്‍ക്ക് നല്‍കുന്നത്.   മത്സ്യ സംസ്‌കരണ-കയറ്റുമതി മേഖലയില്‍ പുതിയ സംരംഭങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന സഹായങ്ങളെ കുറിച്ചും  ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള സംരംഭകത്വ പിന്തുണയെ കുറിച്ചും ഉള്ള വിശദാംശങ്ങളും പരിശീലനാര്‍ത്ഥികള്‍ക്ക് ലഭിക്കും.

Most Popular

Recent Comments