ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച ആചാര്യനായിരുന്നു അദ്ദേഹം.
സനാതന ധർമ്മത്തെ കുറിച്ച് ആഴത്തിലും പരപ്പിലും അറിവുണ്ടായിരുന്ന ജ്ഞാനിയുടെ വിടവാങ്ങൽ ഭാരതത്തിന് തീരാനഷ്ടമാണ്. ശിവഗിരിയെ ഗുരുധർമ്മത്തിൽ നിന്നും വ്യതിചലിക്കാതെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടു പോയ മഹാവ്യക്തിത്വമായിരുന്നു സ്വാമി പ്രകാശാനന്ദ.
ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്ന അദ്ദേഹം എന്നും സാമൂഹിക പ്രതിബദ്ധത മുറുകെ പിടിച്ച ആത്മീയാചാര്യൻ കൂടിയായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മാവ് ശ്രീനാരായണ പാദങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സ്വാമിയുടെ ദേഹവിയോഗത്തിൽ ശിവഗിരി ആശ്രമത്തിൻ്റെയും മുഴുവൻ ശ്രീനാരായണീയരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.