ഒടുവില്‍ മണിപ്പൂരിലേക്കും ചൂളംവിളിച്ചുകൊണ്ട് തീവണ്ടിയെത്തി. അസമില്‍ നിന്നും മണിപ്പൂരിലേക്ക് പാസഞ്ചര്‍ ട്രെയിന്‍ പരീക്ഷണയോട്ടം നടത്തി. ഇതോടെ റെയില്‍വേ ഭൂപടത്തില്‍ മണിപ്പൂരും ഇടംപിടിച്ചു.
അസമിലെ സില്‍ച്ചറില്‍ നിന്നും മണിപ്പൂരിലെ വൈംഗൈയിന്‍ചുങ്പാവോ റെയില്‍വേ സ്‌റ്റേഷനിലേക്കാണ് ട്രെയിന്‍ ഓടിയത്. 11 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ട്രെയിനില്‍ റെയില്‍വേ ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. മണിപ്പൂരിലെത്തിയ ട്രെയിനിന് ദേശീയപതാക വീശിയും ദേശീയഗാനം ആലപിച്ചുമാണ് പ്രദേശവാസികള്‍ വരവേല്‍പ് നല്‍കിയതെന്ന് ഈസ്റ്റ് മോജോ റിപ്പോര്‍ട്ട് ചെയ്തു.
ട്രയല്‍ റണ്‍ വിജയകരമായിരുന്നുവെന്ന് ട്വിറ്ററില്‍ കുറിച്ച മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരന്‍ സിങ് ചരിത്ര നിമിഷമെന്നും പറഞ്ഞു. വൈംഗൈയിന്‍ചുങ്‌പോയില്‍ നിന്നും തലസ്ഥാനമായ ഇംഫാലിലേക്കുള്ള റെയില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ഈസ്റ്റ് മോജോ റിപ്പോര്‍ട്ട് ചെയ്യുന്നു.