വിവാദമായ മുട്ടില്‍ മരംമുറിക്കല്‍ സംഭവത്തില്‍ പാവപ്പെട്ട ആദിവാസികളെ കേസില്‍ കുടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബിഎസ്പി സംസ്ഥാന വൈസ് പ്രസിഡണ്ട് ജിജോ കുട്ടനാട്. ലക്ഷങ്ങളുടെ മരങ്ങള്‍ വെട്ടി കടത്തിയ സംഘങ്ങളെ രക്ഷിക്കാന്‍ ആദിവാസികളെ പ്രതികളാക്കാനുള്ള നീക്കം അനുവദിക്കില്ല,
മരം മുറിച്ച സംഭവത്തില്‍ വിശദീകരണം ചോദിച്ച് വയനാട് മീനങ്ങാടി മലങ്കര കോളനിയിലെ ആദിവാസികള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. വൈത്തിരി തഹസീല്‍ദാര്‍ ഓഫീസില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യം.
കോളനി പരിസരത്തുള്ള ചില മരങ്ങള്‍ മുറിക്കാനുള്ള അനുമതി, ആദിവാസികളെ കൊണ്ട് വാങ്ങിപ്പിച്ച ശേഷം ലക്ഷങ്ങള്‍ വിലയുള്ള മരങ്ങള്‍ മുറിച്ചു കടത്തുകയാണ് വനം മാഫിയ ചെയ്തത്. പത്തും പന്ത്രണ്ടും ലക്ഷത്തിലധികം വിലയുള്ള മരങ്ങള്‍ മുറിച്ചു കടത്തിയിട്ട് ആദിവാസികള്‍ക്ക് നല്‍കിയത് മുപ്പതിനായിരം രൂപയോളമാണ്. സര്‍ക്കാരില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് വ്യാപകമായ മരംമുറി നടന്നതായി ആദിവാസികളും അറിയുന്നത്. ആദിവാസികളോടൊപ്പം ബിഎസ്പി എന്നും ഉണ്ടാകുമെന്നും ജീജോ കുട്ടനാട് പറഞ്ഞു. മുട്ടില്‍ മരംമുറി നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.