പത്തനംതിട്ടയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. മെയ് 24ന് തിരുവല്ല കടപ്രയില്‍ കൊവിഡ് സ്ഥിരീകരിച്ച 4 വയസുകാരന്റെ സ്രവ പരിശോധനയിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.
ഡല്‍ഹി CSIR-IGIGയില്‍ നടത്തിയ പരിശോധനയുടെ ഫലം ഇന്നാണ് ലഭിച്ചത്. കോട്ടയം ഐസിഎച്ചിലെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ട കുട്ടിയുടെ നില ഇപ്പോള്‍ തൃപ്തികരമാണ്. കുട്ടിയുടെ കുടുംബത്തിലെ 8 പേര്‍ ഉള്‍പ്പടെ വാര്‍ഡില്‍ 87 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.42 ആയ കടപ്ര പഞ്ചായത്തില്‍ കര്‍ശന നിരീക്ഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലുള്ളത് കൊവിഡിന്റെ വ്യാപന തോത് കൂടുതലുള്ള ഡെല്‍റ്റ വകഭേദമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സാധാരണഗതിയില്‍ ഒരാളില്‍ നിന്ന് 3 പേര്‍ക്കാണ് രോഗം വ്യാപിക്കുന്നതെങ്കില്‍ ഡെല്‍റ്റ വൈറസ് രോഗബാധിതന് 5 മുതല്‍ 10 പേര്‍ക്ക് വരെ രോഗം പരത്താന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.