മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് വി മുരളീധരന്‍

0

കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കെപിസിസി പ്രസിഡന്റ് തന്നെ ഗോപിയോട് അതാവശ്യപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. വെളിപ്പെടുത്തലില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വലിയമ്പലം ബസാര്‍ സംഭവത്തില്‍ എഫ്‌ഐആര്‍ ഇടണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പൊലീസിനോട് ആവശ്യപ്പെടണം. മറിച്ച് വാര്‍ത്താസമ്മേളനത്തില്‍ മസാല ചേര്‍ക്കാനാണോ ഗോപിയെ ഇറക്കിയതെന്ന് സുധാകരന്‍ പറയട്ടെയെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയും സുധാകരനും ഇന്നലെയും ഇന്നുമായി നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ ആസൂത്രിതമായ കാര്യങ്ങളാണ്. കേരളത്തിലൈ സര്‍ക്കാര്‍ അങ്ങേയറ്റം പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യമാണുള്ളത്. മരം വേട്ട വിവാദം, കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍, സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പടെ പ്രതിരോധത്തില്‍ നില്‍ക്കുന്ന ഈ സമയത്ത് സര്‍ക്കാരിനെ അതില്‍ നിന്നും രക്ഷപ്പെടുത്താനും ചര്‍ച്ചകള്‍ വഴിതിരിച്ച് വിടാനുള്ളതുമായ ആസൂത്രിത ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ ഭാഗമാണിതെന്നും മുരളീധരന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും അടിസ്ഥാനപരമായി ക്രിമിനലുകള്‍ ആണെന്ന് വിളിച്ചു പറയുന്നു. കൊവിഡ് കണക്കുകള്‍ വിശദീകരിക്കാനുള്ള വാര്‍ത്താ സമ്മേളനത്തില്‍ കൊലവിളി നടത്തുന്ന സംസ്ഥാന മുഖ്യമന്ത്രിയും, പരോക്ഷമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവുമാണ് കേരളത്തിലുള്ളത്. ഇതാണോ വേണ്ടതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കേണ്ടതായിട്ടുണ്ട്.

ഉത്തരകേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുളള ആ കലാലയത്തിനെ കേവലം ഗുണ്ടാ വിളയാട്ടങ്ങളുടെ കേന്ദ്രമെന്ന നിലക്ക് ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കരുതെന്നാണ് പൂര്‍വ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ തനിക്ക് മുഖ്യമന്ത്രിയോടും സുധാകരനോടും അഭ്യര്‍ത്ഥിക്കാനുള്ളതെന്നും വി മുരളീധരന്‍ പറഞ്ഞു.