വേമ്പനാട് കായലിന്റെ കാവലാള്‍ ആയ രാജപ്പന്റെ പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികള്‍ ഒളിവിലാണെന്ന് കുമരകം പൊലീസ്. രാജപ്പന്റെ സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകന്‍ ജയലാല്‍ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
ജില്ലാ പൊലീസ് മേധാവി മുഖേന ലഭിച്ച പരാതിയില്‍ അന്വേഷണം ആരംഭിച്ച കുമരകം പൊലീസ് രാജപ്പന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ കണ്ട് വിവരശേഖരണത്തിന് പൊലീസ് ശ്രമിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. വീട്ടിലും എത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുമെല്ലാം പൊലീസ് പരിശോധന നടത്തി. ഒളിവില്‍ പോയ കുടുംബത്തിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
രാജപ്പന്റെ പരാതിയില്‍ വ്യക്തമാക്കുന്ന ഫെബ്രുവരി 12ന് 5 ലക്ഷം രൂപയും ഏപ്രില്‍ 16ന് 80000 രൂപയും പിന്‍വലിച്ചതിന്റെയും തെളിവുകളും ലഭിച്ചിട്ടുണ്ട്. പണം തട്ടിപ്പിന് പുറമെ വിശ്വാസ വഞ്ചനാക്കുറ്റവും പ്രതികള്‍ക്ക് മേല്‍ ചുമത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ അഭിനന്ദിച്ച രാജപ്പന്റെ പരാതി അടിയന്തര പ്രധാന്യത്തോടെയാണ് പൊലീസ് അന്വേഷിക്കുന്നത്.