ഓടയിൽ എറിയുന്നതിന് മുൻപ് ക്രൂരമർദനം; ഐബി ഓഫിസർ അങ്കിത് ശർമ്മയുടെ കൊലപാതകം ആസൂത്രിതം

0

ഇൻറലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഫെബ്രുവരി 25 ന് വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപവും ആക്രമണവും കൊലപാതകവും ആസൂത്രിതമാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. അങ്കിത് ശർമ്മയുടെ മൃതദേഹം ഓടയിൽ എറിയുന്നതിന് മുൻപ് ക്രൂരമർദ്ദനത്തിന് ഇരയായതായും അന്വേഷണ സംഘം വ്യക്തമാക്കി.

ഫെബ്രുവരി 25 ന് വൈകിട്ട് 5 മണിയോടെ ജോലി കഴിഞ്ഞെത്തിയ അങ്കിത് കൂട്ടുകാർക്കൊപ്പം പുറത്ത് പോയിരുന്നു. ഇതിനിടെയാണ് അങ്കിതിന് നേരെ ആക്രമണം നടന്നിരിക്കുന്നത് .പ്രദേശത്തെ പാലത്തിനടുത്ത് നിന്നും സംസാരിക്കുകയായിരുന്ന അങ്കിതിനും കൂട്ടുകാർക്കും നേരെ ഒരു കൂട്ടം ആളുകൾ കല്ലെറിയാൻ ആരംഭിച്ചു. ആക്രമണത്തിൽ ഭയന്ന കൂട്ടുകാർ ഓടി രക്ഷപ്പെട്ടു. അതിന് ശേഷം അങ്കിത് ശർമ്മയെ ആരും കണ്ടിട്ടില്ലായെന്നാണ് മൊഴി. അതേസമയം അങ്കിതിൻറെ മരണത്തിൽ പങ്കുളള ആംആദ്മി കൗൺസിലറെ ഉടൻ അറസ്റ്റ് ചെയ്യുമൊന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ . സംഭവത്തിന് ശേഷം ഒളിവിൽ പോയ ആംആദ്മിയുടെ കൗൺസിലർ താഹിർ ഹുസൈനെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു എന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിൽ താഹിർ ഹുസൈൻറെ പങ്ക് വ്യക്തമാക്കുന്ന നിർണ്ണായക തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.