തിരുവനന്തപുരം : സംസ്ഥാന സർക്കാർ നൽകുന്ന പരോമോന്നത സംഗീത പുരസ്കാരമായ സ്വാതി പുരസ്കാരം ( 2017 ) വിഖ്യാത സംഗീതജ്ഞനും വയലിനിസ്റ്റുമായ ഡോ. എൽ.സുബ്രഹ്മണ്യന് . രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം . കേരള സംഗീത അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി.ലളിത ,സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് , പ്രശസ്ത സംഗീതജ്ഞനായ മുഖത്തല ശിവജി , ശ്രീ വത്സൻ ജെ മേനോൻ, എന്നിവരടങ്ങയ ജൂറിയാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്. കർണാടക സംഗീതത്തിലെ ലബ്ധപ്രതിഷ്ഠനായ സംഡോ. എൽ സുബ്രഹ്മണ്യം പാശ്ചാത്യസംഗീതത്തിലുംഅവഗാഹം നേടിയിട്ടുണ്ട്. വിവിധ സംഗീതധാരകളുടെ ഫ്യൂഷൻ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ കലാകാരനാണ് അദ്ദേഹം. 1947-ജൂലൈ 23 ന് ജനിച്ച അദ്ദേഹം കുട്ടിക്കാലത്ത് തന്നെ ശാസ്ത്രീയസംഗീതം അഭ്യസിച്ചു തുടങ്ങി. അച്ഛനും പ്രശസ്ത വയലീനിസ്റ്റായ പ്രൊഫസർ വി.ലക്ഷമിനാരായണനാണ് സംഗീതത്തിൽ ആദ്യ പാഠങ്ങൾ നൽകിയത്. സഹോദരന്മാരായ എൽ.ശങ്കർ, പരേതനായ എൽ വൈദ്യനാഥൻ എന്നിവരും ഡോ.എൽ.സുബ്രഹ്മണ്യവും ചേർന്ന് നടത്തിയ വയലിൻ ത്രയം സംഗീതാസ്വാദകരുടെ വലിയ അംഗീകാരം നേടിയിട്ടുണ്ട്.