ഗംഗയിലെ മൃതദേഹങ്ങളെക്കുറിച്ച് കവിതയെഴുതി; കവിയത്രിക്കെതിരെ സാഹിത്യ അക്കാദമി ചെയര്‍മാന്‍

0

ഗംഗ നദിയിലെ മൃതദേഹങ്ങള്‍ ഒഴുകിയത് പ്രമേയമാക്കി കവിതയെഴുതിയ കവിയത്രിക്കെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി ചെയര്‍മാൻ്റെ രൂക്ഷ വിമര്‍ശനം. കവി പാരുള്‍ ഖക്കറാണ് ഗംഗ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയതും കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാരിൻ്റെ വീഴ്ചകളെ വിമര്‍ശിച്ചും കവിത എഴുതിയത്.

പ്രധാനമന്ത്രിയെയാണ് കവിത ലക്ഷ്യം വെക്കുന്നതെന്നും ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതാണ് കവിതയെന്നും ഗുജറാത്ത് സാഹിത്യ അക്കാദമി ചെയര്‍മാന്‍  വിഷ്ണു പാണ്ഡ്യ പറഞ്ഞു. ലിബറലുകളും കമ്മ്യൂണിസ്റ്റുകളും സാഹിത്യ നക്‌സലുകളും രാജ്യത്ത് അരാജകത്വം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ശബ് വാഹിനി ഗംഗ’ എന്ന പേരിലാണ് പാരുള്‍ കവിതയെഴുതിയത്. കവിതയില്‍ കൊവിഡ് കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. കവിത വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.