ഭരണപരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് പ്രഫുല്‍ പട്ടേല്‍

0

ലക്ഷദ്വീപില്‍ ഭരണപരിഷ്‌കാരങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഇതു സംബന്ധിച്ച് സെക്രട്ടറിമാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നോട്ടീസ് നല്‍കി. ദ്വീപില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പരിഷ്‌കരണ നടപടികളില്‍ വേഗത പോരെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കുറ്റപ്പെടുത്തി.

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഭരണ പരിഷ്‌കാര നടപടികള്‍ വേഗത്തിലാകുന്നില്ലെന്ന പരാതി പ്രഫുല്‍ പട്ടേല്‍ ഉയര്‍ത്തിയത്. ഉദ്യോഗസ്ഥരില്‍ ചിലര്‍ ദ്വീപിലെ പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്ന വിലയിരുത്തല്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനുണ്ട്. ഇതേ വിലയിരുത്തലിലേക്കാണ് പ്രഫുല്‍ ഖോഡ പട്ടേലും എത്തിയിരിക്കുന്നത്. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതും.

നിയമപരിഷ്്കാരങ്ങള്‍ വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയത്. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരോട് കരട് വിജ്ഞാപനത്തില്‍ താന്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണമെന്നാണ് അന്ത്യശാസന നല്‍കിയത്. ജൂണ്‍ 19 വരെ ലക്ഷദ്വീപില്‍ തുടരുന്ന പ്രഫുല്‍ ഖോഡ പട്ടേല്‍ 20നാണ് തിരികെ പോവുക. അതിന് മുമ്പ് നിര്‍ദ്ദേശിച്ച കാര്യങ്ങളില് കൃത്യമായി റിപ്പോര്‍ട്ട് വിവിധ വകുപ്പുകളിലെ സൂപ്രണ്ടുമാരും സെക്രട്ടറിമാരും നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.