മരം കടത്തൽ: അന്വേഷണം പ്രഹസനം- കെ സുരേന്ദ്രൻ

0
മരം മുറിച്ച് കടത്തിയതിനെ കുറിച്ചുള്ള സർക്കാരിൻ്റെ അന്വേഷണം വെറും പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. അഴിമതിക്കാർ ഇപ്പോഴും കർട്ടന് പിറകിലാണ്. ബിജെപി നടത്തിയ സംസ്ഥാന വ്യാപക സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.
സമീപകാലത്തെ ഏറ്റവും വലിയ അഴിമതിയാണ് സർക്കാർ നടത്തിയിരിക്കുന്നത്. സർക്കാർ കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പോലും പറയുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തെത്തിയത് എന്നാണ്. മരം മുറിക്കാനുള്ള അനുമതി നൽകിയത് രാഷ്ട്രീയ തീരുമാനമാണെന്ന് കാനം രാജേന്ദ്രൻ സമ്മതിച്ചു. ആസൂത്രിതമായ കൊള്ളയാണ് നടന്നിരിക്കുന്നത്.  തിരഞ്ഞെടുപ്പിൽ പണം സമാഹരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മരം മുറിക്കാൻ അനുമതി നൽകിയത്.
സിപിഎം- സിപിഐ നേതാക്കൾക്ക് അഴിമതിയിൽ പങ്കുണ്ട്. കർഷകരെ സഹായിക്കുക എന്ന വ്യാജേന.  എത്ര കോടിയുടെ അഴിമതി നടന്നു? ആർക്കാണ് പണം പോയത്? ഞാനൊന്നും അറിയില്ലെന്ന പതിവ് പല്ലവി ആവർത്തിക്കാതെ മുഖ്യമന്ത്രി മറുപടി പറയണം. ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ് പ്രതികളെന്നത് കേസിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
സിപിഐയുടെ രണ്ട് വകുപ്പുകൾ ഉപയോഗപ്പെടുത്തിയാണ് കൊള്ള നടന്നത്. മുറിച്ച മരങ്ങളെല്ലാം കടത്തിയത് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ്.  വയനാട്ടിൽ നിന്നും മരം മുറിച്ച് പെരുമ്പാവൂരിൽ എത്തിക്കുന്നതിന് ഔദ്യോഗിക സഹായത്തോടെയാണ്. മരം മുറിച്ച സ്ഥലങ്ങളിൽ തെളിവ് നശിപ്പിക്കാൻ ഗൂഢാലോചന നടന്നു. മരക്കുറ്റികൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത് ഞങ്ങൾ നേരിട്ട് കണ്ടു. സംരക്ഷിത വനത്തിൽ നിന്നും എത്ര മരങ്ങൾ മുറിച്ചെന്ന് സർക്കാർ വ്യക്തമാക്കണം. വനം കൺകറണ്ട് ലിസ്റ്റിലായിട്ടും എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ലെന്നതിന് സംസ്ഥാനം മറുപടി പറയണം.
ആയിരം കളളക്കേസെടുത്താലും പിണറായിയുടെ അഴിമതിക്കെതിരെ പോരാടും. ആജീവനാന്തം ജയിലിൽ കിടക്കേണ്ടി വന്നാലും പിണറായിയുടെ അഴിമതി തുറന്ന് കാണിക്കും. വനംകൊള്ള മറയ്ക്കാനാണ് കൊടകര, മഞ്ചേശ്വരം കേസുകൾ എന്ന് വ്യക്തമാണ്. കൊടകരയിൽ കവർച്ചക്കാരെ സംരക്ഷിക്കുകയാണ് പൊലീസ്. കവർച്ച പണം പൊലീസ് കോടതിയിൽ ഹാജരാക്കുന്നില്ല. കേരളത്തിൽ ജുഡീഷ്യറി മരിച്ചിട്ടില്ലെന്ന് പിണറായി മനസിലാക്കണം. കേസ് അട്ടിമറിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കേണ്ട ആവശ്യം ബിജെപിക്കില്ല. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോവും. ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായും നേരിടുമെന്ന് കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് വിവി രാജേഷ് അദ്ധ്യക്ഷനായി. ഒ.രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, സി.ശിവൻകുട്ടി, എസ്.സുരേഷ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.ടി രമ, ട്രഷറർ ജെ.ആർ പദ്മകുമാർ, ഒബിസി മോർച്ചാ ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, മേഖലാ ജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ, ദേശീയ കൗൺസിൽ അംഗം അശോക് കുമാർ എന്നിവർ പങ്കെടുത്തു.
മരം മുറി അഴിമതിക്കെതിരെ ബിജെപി സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ ധർണ സമരം നടത്തി. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിന്നു സമരം. കൊല്ലത്ത് കുമ്മനം രാജശേഖരൻ, പത്തനംത്തിട്ട ജോർജ് കുര്യൻ, ആലപ്പുഴ പി.സുധീർ, എറണാകുളം എഎൻ രാധാകൃഷ്ണൻ, തൃശ്ശൂർ സി.കൃഷ്ണകുമാർ, വയനാട് പികെ കൃഷ്ണദാസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.