HomeIndiaഅയോദ്ധ്യ രാമക്ഷേത്രം പണിയാന്‍ ഭൂമി വാങ്ങിയതില്‍ തട്ടിപ്പ്

അയോദ്ധ്യ രാമക്ഷേത്രം പണിയാന്‍ ഭൂമി വാങ്ങിയതില്‍ തട്ടിപ്പ്

അയോദ്ധ്യ രാമക്ഷേത്ര വികസനത്തിനായി ഭൂമി വാങ്ങിയതില്‍ തട്ടിപ്പ് നടന്നെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും രംഗത്ത്. ഭൂമി ഇടപാടില്‍ 16.5 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ഇരു പാര്‍ട്ടികളും ഉന്നയിച്ചു.

സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ശ്രീറാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. രാമജന്മഭൂമിയോട് ചേര്‍ന്നുള്ള ഭൂമി വാങ്ങിയതില്‍ വന്‍ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. കഴിഞ്ഞ മാര്‍ച്ചില്‍ ഈ ഭൂമി 2 റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ 2 കോടി രൂപക്ക് വാങ്ങിയെന്നും മിനിട്ടുകള്‍ക്കകം ട്രസ്റ്റിന് 18.5 കോടി രൂപക്ക് മറിച്ച് നല്‍കിയെന്നും രേഖകള്‍ നിരത്തി സമാദ് വാദി പാര്‍ട്ടി നേതാവ് പവന്‍ പാണ്ഡെ ആരോപിച്ചു. ട്രസ്റ്റിലെ ചില അംഗങ്ങള്‍ക്കും പ്രാദേശിക ബിജെപി നേതാക്കള്‍ക്കും ഇടപാടില്‍ പങ്കുണ്ടെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ ആരോപണം.

ശ്രീരാമന്റെ പേരില്‍ അഴിമതി നടക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് പറയുന്നത്. അതിനിടെ ട്രസ്റ്റ് സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചമ്പത് റായി ഈ ആരോപണങ്ങളെല്ലാം തള്ളി. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധരിപ്പിക്കുന്നതുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Most Popular

Recent Comments