വധഭീഷണിയെന്ന രമ്യ ഹരിദാസിൻ്റെ ആരോപണം തള്ളി സിപിഎം. ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും രമ്യ ഹരിദാസ് തെറ്റിദ്ധരിച്ച് തട്ടിക്കയറുകയായിരുന്നുവെന്നും പ്രാദേശിക സിപിഎം നേതാവ് എം എ നാസര്‍ പ്രതികരിച്ചു. എംപിക്ക് ഒപ്പമുണ്ടായിരുന്നുവര്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും നാസര്‍ ആരോപിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് കാണിച്ച് രമ്യ ഹരിദാസ് എംപി പൊലീസില്‍ പരാതി നല്‍കിയത്. ആലത്തൂര്‍ ടൗണില്‍ ഒരു പരിപാടി കഴിഞ്ഞ് ഓഫീസിലേക്ക് രമ്യ ഹരിദാസ് മടങ്ങവെയാണ് സംഭവം. സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് മെമ്പറുമായ നാസര്‍ ആലത്തൂരിൻ്റെ നേതൃത്വത്തിലാണ് എംപിയെ വഴിയില്‍ തടഞ്ഞത്.
ഹരിത കര്‍മസേന വളണ്ടിയറുമായി സംസാരിച്ചതിന് ശേഷം മടങ്ങി വരുന്നതിനിടെ വാഹനത്തില്‍ കയറുംമുമ്പ് സിപിഎം പ്രവര്‍ത്തകര്‍ അപമര്യാദയായി സംസാരിച്ചെന്നും ഇനി അങ്ങോട്ട് കാലുകുത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കും വിധമാണ് സംസാരിച്ചതെന്നും രമ്യ ഹരിദാസ് നല്‍കിയ പൊലീസ് പരാതിയില്‍ പറയുന്നു. തര്‍ക്കത്തിൻ്റെ കുറച്ച് ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിഷേധത്തിൻ്റെ ഭാഗമായി രമ്യ ഹരിദാസ് എംപി റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയാണ് എംപി ഓഫീസിലേക്ക് മടങ്ങിയത്.