കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡല്‍ഹിയില്‍ ഏറ്റവും കുറവ് പ്രതിദിന കൊവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 255 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
72,751 സാമ്പിളുകള്‍ പരിശോധിച്ചു. 23 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കുറവായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നാളെ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇളവുകള്‍ അനുവദിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. രാവിലെ 10 മുതല്‍ 8 വരെ കടകളും മാളുകളും തുറക്കുന്നതിനുള്ള അനുമതിയും നല്‍കി. 50 ശതമാനം പേര്‍ക്ക് റെസ്റ്റോറന്റുകളില്‍ പ്രവേശിക്കാം. സ്വകാര്യ ഓഫീസുകള്‍ക്ക് പകുതി ജീവനക്കാരുമായി 9 മുതല്‍ വൈകുന്നേരം 5 വരെ പ്രവര്‍ത്തിക്കാം.
ഡല്‍ഹി മെട്രോയും സിറ്റി ബസ് സര്‍വീസുകളും പകുതി ആളുകളുമായി സര്‍വീസ് നടത്തും. ഓട്ടോകളിലും ടാക്‌സികളിലും രണ്ട് പേരെ മാത്രം അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തിയേറ്റര്‍, സ്റ്റേഡിയം, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്ക്, ജിം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല.