കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആണ് ധനസഹായം പ്രഖ്യാപിച്ചത്. അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഉടന്‍ തന്നെ ഒരു ലക്ഷം രൂപ അടിയന്തര സഹായം നല്‍കും. ഇതോടൊപ്പം ഈ കുട്ടികള്‍ക്ക് 18 വയസ് പൂര്‍ത്തിയാകുന്നതുവരെ 2500 രൂപ വീതം എല്ലാ മാസവും നല്‍കും. 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഇവര്‍ക്ക് 5 ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രി കൊറോണ ബാല്‍ കല്യാണ്‍ യോജന എന്ന പദ്ധതിയുടെ മറ്റ് ആനുകൂല്യങ്ങളും ഈ കുട്ടികള്‍ക്ക് ലഭിക്കും.
പിതാവ് നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മാസ ചെലവിന് 1000 രൂപ വീതവും പുസ്തകങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി 2500 രൂപ വീതവും നല്‍കും. ഭര്‍ത്താവ് നഷ്ടപ്പെട്ട വിധവകള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തര സഹായവും 1500 രൂപ വീതം എല്ലാ മാസവും നല്‍കും.
അതിനിടെ രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 84,332 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചക്കായി രാജ്യത്ത് പ്രതിദിന കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണനിരക്ക് കുറയാതെ തുടരുകയാണ്. ഇന്നലെ 4002 പേര്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം സംഖ്യ 3,67,081 ആയി. 24 മണിക്കൂറില്‍ 1,21,311 പേര്‍ രോഗമുക്തി നേടി. 10,80,690 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.