മരംമുറി അന്വേഷണം: രണ്ട് ഡിഎഫ്ഒ മാർക്ക് പ്രത്യേക ചുമതല നൽകി

0

പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവം അന്വേഷി ക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ കോഴിക്കോട് ഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ ധനേഷ് കുമാറിനേയും കോതമംഗലം ഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ അജു വർഗീസിനേയും പ്രത്യേകമായി ഉൾപ്പെടുത്തി. അന്വേഷണ സംഘങ്ങളുടെ
പ്രവർത്തനം കൂടുതൽ ശക്തവും കാര്യക്ഷമവുമാക്കുന്നനാണ് നടപടി.

മരംമുറി വിവാദം അന്വേഷിക്കുന്നതിനായി ഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ മാരുടെ നേതൃത്വത്തിൽ അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ വനം വിജിലൻസ് നിയമിച്ചിരുന്നു. ഇതിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം മേഖലകളിൽ നടത്തുന്ന അന്വേഷണത്തെ നിരീക്ഷിക്കന്ന കോട്ടയം ഫോറസ്റ്റ് കൺസർവേറ്ററുടെ സംഘത്തിലാണ് പി.ധനേഷ് കുമാറിനെ നിയമിച്ചത്.

ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകകളുടെ അന്വേഷണ സംഘത്തിലാണ് സജു വർഗീസിനെ നിയോഗിച്ചിരിക്കുന്നത്. കോഴിക്കോട് കൺസർവേറ്ററുടെ നിരീക്ഷണത്തിലാണ് ഈ മേഖലകളിലെ അന്വേഷണം.

വയനാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. സ്വന്തം ജില്ലകളിൽ അന്വേഷണം വരാത്ത വിധത്തിൽ മേഖലകൾ മാറ്റിയാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഈ മാസം 22 ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ്
അന്വേഷണ സംഘങ്ങളോട് നിർദേശിച്ചിരിക്കുന്നത്.