ലക്ഷദ്വീപിലേക്ക് യാത്രാനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കത്ത് നല്‍കി. ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എംവി ശ്രേയാംസ് കുമാര്‍, ഡോ വി ശിവദാസന്‍, കെ സോമപ്രസാദ്, എഎം ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കുമെന്നാണ് എളമരം കരീം അറിയിച്ചിരിക്കുന്നത്. അനുമതി ലഭിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, തദ്ദേശവാസികളുടെ അഭിപ്രായം മാനിക്കാതെ പുതിയ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നല്‍കിയെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അമിത് ഷായുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു മുഹമ്മദ് ഫൈസലിന്റെ പ്രതികരണം.