HomeKeralaകെഎസ്ആര്‍ടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം

കെഎസ്ആര്‍ടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം

കെഎസ്ആര്‍ടിസി എന്ന പേരിനെ ചൊല്ലി കര്‍ണാടക ആര്‍ടിസിയുമായുള്ള തര്‍ക്കത്തില്‍ കേരള ആര്‍ടിസിക്ക് വിജയം. കെഎസ്ആര്‍ടിസി എന്ന പേര് കേരളം മാത്രമേ ഉപയോഗിക്കാവൂവെന്ന് ട്രേഡ് മാര്‍ക്ക് രജിസ്ട്രാര്‍ ഉത്തരവിടുകയും ചെയ്തു. ആനവണ്ടി എന്ന പേരും കെഎസ്ആര്‍ടിസിക്ക് ഇനി സ്വന്തം.

കര്‍ണാടകത്തിലേയും കേരളത്തിലേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ കെഎസ്ആര്‍ടിസി എന്ന പേരാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്ഡ ഈ പേര് ഉപയോഗിക്കരുതെന്നും കാട്ടി 2014ല്‍ കര്‍ണാടക നോട്ടീസ് അയക്കുകയായിരുന്നു.

തുടര്‍ന്ന് അന്നത്തെ കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ് മാര്‍ക്കില്‍ കേരളത്തിന് വേണ്ടി അപേക്ഷിച്ചു. ഇതേതുടര്‍ന്ന് വര്‍ഷങ്ങളായി നിയമപോരാട്ടത്തിലായിരുന്നു ഇരു സംസ്ഥാനങ്ങളും. കെഎസ്ആര്‍ടിസി എന്ന പേര് ആദ്യമായി ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെ ഈ പേര് കേരളത്തിന് സ്വന്തമാകുകയായിരുന്നു. ട്രേഡ് മാര്‍ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും, എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് അനുവദിച്ച ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.

കെഎസ്ആര്‍ടിസി ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു. ആനവണ്ടി എന്ന പേരും പലരും പലകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. അവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ ഐഎഎസ് പറഞ്ഞു.

അതെസമയം, കെഎസ്ആര്‍ടിസി സിറ്റി സര്‍വീസുകള്‍ കൂടുതല്‍ ജനകീയമാക്കാനായി സംസ്ഥാന വ്യാപകമായി പുതിയ സര്‍ക്കുലര്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യമറിയിച്ചത്. നഗരത്തിലെ പ്രധാന ഓഫീസുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ടാകും സര്‍വീസുകള്‍ നടത്തുക. ജന്റം ബസുകളുടെ സീറ്റുകളുടെ ഘടന മാറ്റി നിശ്ചയിക്കാനും തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ജൂലൈ അവസാനത്തോടെ പുതിയ സര്‍ക്കുലര്‍ സര്‍വീസുകള്‍ തുടങ്ങും. പ്രത്യേക കളര്‍കോഡും നിശ്ചിത തുക അടച്ച് കിട്ടുന്ന കാര്‍ഡ് ഉപയോഗിച്ച് ഒരു ദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാനുള്ള സംവിധാനവും ഈ സര്‍വീസിനുണ്ടാകും.

Most Popular

Recent Comments