കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായ തിരുവനന്തപുരം നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ചിരുന്ന സിംഹവും ചത്തു. 21 വയസുള്ള പെണ്‍സിംഹം ബിന്ദുവാണ് ഓര്‍മയായത്. സിംഹങ്ങള്‍ ഇല്ലാതായതോടെ വനം വകുപ്പിന് കോടികളുടെ വരുമാനം നല്‍കിയിരുന്ന പാര്‍ക്കിന്റെ നിലനില്പ് തന്നെ ഇപ്പോള്‍ ത്രിശങ്കുവിലായി.
15 മുതല്‍ 18 വയസ് വരെയാണ് സിംഹങ്ങളുടെ ശരാശരി ആയുസ്. പ്രാധിക്യത്തെ തുടര്‍ന്ന് അവശനിലയിലായ ബിന്ദു കഴിഞ്ഞ ഒരാഴ്ചയിലധികമായി ട്രീറ്റ്‌മെന്റ് കേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സിംഹം ചത്തത്. ചികിത്സക്കായി എത്തിച്ച രണ്ട് കടുവകള്‍ മാത്രമാണ് സിംഹ സഫാരി പാര്‍ക്കില്‍ ഇനി ബാക്കിയുള്ളത്.
നെയ്യാര്‍ ഡാം മരക്കുന്നം ദ്വീപില്‍ 1985ലാണ് ലയണ്‍ സഫാരി പാര്‍ക്ക് ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ 16 സിംഹങ്ങള്‍ വരെ പാര്‍ക്കിലുണ്ടായിരുന്നു. സിംഹങ്ങളുടെ വര്‍ധനവ് കാരണം 2005ലാണ് സിംഹങ്ങളില്‍ വന്ധ്യംകരണം ചെയ്തത്. ഇതോടെ പാര്‍ക്കിന്റെ നാശവും ആരംഭിച്ചു. സിംഹങ്ങള്‍ വിവിധ കാരണങ്ങളാല്‍ ചത്തൊടുങ്ങി. 2018 അവസാനത്തോടെ ബിന്ദു മാത്രമായി അവശേഷിക്കുകയായിരുന്നു.
പാര്‍ക്കിനെ അവഗണിക്കുന്നുവെന്ന പ്രതിഷേധത്തെ തുടര്‍ന്ന് 2019ലാണ് ഗുജറാത്തിലെ ഗിര്‍ വന്യജീവി കേന്ദ്രത്തില്‍ നിന്ന് 2 സിംഹങ്ങളെ തിരുവനന്തപുരത്തെത്തിച്ചത്. ഒരെണ്ണം മൃഗശാലയില്‍ വെച്ച് ചത്തതോടെ അവശേഷിച്ച നാഗരാജന്‍ എന്ന ആണ്‍ സിംഹത്തെ ബിന്ദുവിന് കൂട്ടായി പാര്‍ക്കിലുണ്ടായിരുന്നെങ്കിലു ഒരാഴ്ച മുമ്പ് അതും ചത്തു. അതേസമയം പാര്‍ക്ക് സംരക്ഷിക്കുന്നതിന് വകുപ്പും സര്‍ക്കാരും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് നാട്ടുകാരും ആരോപിക്കുന്നു.