HomeKeralaലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കി

ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കി

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യ പ്രഖ്യാപിച്ച്  കേരള നിയമസഭ പ്രമേയം ഐക്യകണ്‌ഠേന പാസാക്കി. അനൂപ് ജേക്കബ്, എന്‍ ഷംസുദ്ദീന്‍, പിടി തോമസ് എന്നിവര്‍ നിര്‍ദ്ദേശിച്ച ഭേദഗതികളോട് കൂടിയാണ് പ്രമേയം പാസാക്കിയത്.
മുഖ്യമന്ത്രിയാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപില്‍ കാവി അജണ്ട നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതത്തെ ഇല്ലതാക്കുന്നുവെന്നും തെങ്ങിലടക്കം കാവി നിറം പൂശുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ചട്ടം 118 പ്രകാരമുള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു.
ദ്വീപ് ജനതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌കാരങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ലക്ഷദ്വീപില്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും അത് മുളയിലെ നുള്ളണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സാംസ്‌കാരിക-മതേതര മൂല്യങ്ങളുടെ കടക്കല്‍ കത്തിവെക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കാശ്മിര്‍ ആയിരുന്നു ബിജെപിയുടെ ലക്ഷ്യമെങ്കില്‍ ഇന്ന് ലക്ഷദ്വീപാണെന്നും നാളെ അത് കേരളമാകുമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇന്ന് പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യമിച്ചുവെന്നും നാളെ അത് ജാതി പിന്നെ ഉപജാതി അങ്ങനെയായി മാറുമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തില്‍ രൂക്ഷ വിമര്‍ശനമാണുള്ളത്. ദ്വീപ് ജനതയുടെ ജീവനും ഉപജീവനമാര്‍ഗവും സംരക്ഷിക്കാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും പ്രമേയത്തില്‍ പറയുന്നു.

അതെസമയം, ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്കും ഇന്ന് തുടക്കമായി. ഭരണപക്ഷത്ത് നിന്ന് കെകെ ശൈലജയാണ് തുടക്കും കുറിച്ചത്. സഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അംഗം നന്ദിപ്രമേയ ചര്‍ച്ചക്ക് തുടക്കം കുറിക്കുന്നത്. നയപ്രഖ്യാപനത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്ത നിവാരണ മേഖലകളില്‍ പുതിയ നയങ്ങളില്ലെന്ന് പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. 3 ദിവസം നീണ്ടു നില്‍ക്കുന്ന നന്ദി പ്രമേയ ചര്‍ച്ച ബുധനാഴ്ച അവസാനിക്കും.

Most Popular

Recent Comments