ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരള രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ സ്ഥാനമുള്ള ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയ വിഭജന ശ്രമം ക്രിസ്ത്യാനികള്‍ക്കിടയില്‍ നടക്കില്ലെന്ന് എംഎ ബേബി പ്രതികരിച്ചു.
ആര്‍എസ്എസുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോടുള്ള സ്‌നേഹം പോലെയാണ്. കേരളത്തില്‍ അവരുടെ ഒരു ശ്രമവും വിജയിക്കാന്‍ പോകുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ എങ്ങനെ പിടിച്ച് നില്‍ക്കാം എന്ന ചിന്തയില്‍ നിന്നാണ് കേരളത്തിലെ ക്രിസ്ത്യാനികളില്‍ മുസ്ലിം വിരോഘം കുത്തിവെച്ച് അവരെ പാട്ടിലാക്കാമോ എന്ന് ആര്‍എസ്എസ് ചിന്തിക്കുന്നതെന്ന് എംഎ ബേബി വിമര്‍ശിച്ചു. ക്രിസ്തുവിന്റെ സന്ദേശങ്ങളിലെ സ്‌നേഹം എല്ലാ വിഭാഗം മലയാളികളുടേയും മനസിലുണ്ട്. അതുകൊണ്ട് നാലഞ്ച് ക്രിസ്ത്യന്‍ വര്‍ഗീയവാദികളെ കണ്ട് ആര്‍എസ്എസ് മനപ്പായസമുണ്ണെണ്ട എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
നരേന്ദ്രമോദി ഇന്ത്യ ഭരിച്ചിട്ടും അവരുടെ മുന്നണിക്ക് മിക്ക മണ്ഡലങ്ങളിലും കെട്ടിവെച്ച തുക പോലും കിട്ടിയിട്ടില്ല. മതവിദ്വേഷം ഉണര്‍ത്തി വോട്ടുനേടാന്‍ ശ്രമിച്ച പിസി ജോര്‍ജിനെ പോലുള്ളവരും പരാജയപ്പെട്ട കാഴ്ചയാണ് കണ്ടത്.
പക്ഷേ, നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും. അതിനാല്‍ ക്രിസ്ത്യാനികളെ ആര്‍എസ്എസ് പക്ഷത്ത് ചേര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ എല്ലാ മതേതരവാദികളും കരുതലോടെ ഇരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും എംഎ ബേബി കുറിച്ചു.