പുതിയ സര്‍ക്കാരിനെ അഭിനന്ദിച്ച് വികെ ഇബ്രാഹിം കുഞ്ഞ്

0

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങളറിയിച്ച് മുസ്ലിം ലീഗ്ല് നേതാവ് വികെ ഇബ്രാഹിം കുഞ്ഞ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇബ്രാഹിം കുഞ്ഞ് തുടര്‍ഭരണം നേടിയതില്‍ പിണറായി വിജയനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

തുടര്‍ഭരണം നേടി കേരളത്തിന്റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിമാനിക്കാമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇബ്രാഹിം കുഞ്ഞ് പറയുന്നു. കളമശ്ശേരിക്ക് ഒരു മന്ത്രിയെ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

വികെ ഇബ്രാഹിം കുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതി നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടിയായിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി അബ്ദുള്‍ ഗഫൂറായിരുന്നു ഇത്തവണ കളമശ്ശേരി സീറ്റില്‍ നിന്നും മത്സരിച്ചത്. ഇതിനെതിരെ ടിഎ അഹമ്മദ് കബീറിന്റെ നേതൃത്വത്തില്‍ ലീഗിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ലീഗിന്റെ കുത്തക സീറ്റായിരുന്ന കളമശ്ശേരി നഷ്ടമാകാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വീഴ്ച കാരണമായെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു.