ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കുന്ന കുന്നംകുളം നഗരസഭയിലെ വിശപ്പുരഹിത ഹോട്ടൽ. പുതുരുചിക്കൊപ്പം ഒട്ടേറെ പുതുമകളും സന്ദർശകർക്കായി കരുതി വച്ചിരിക്കുന്നു. ആധുനിക രീതിയിൽ സജ്ജമാക്കിയിരിക്കുന്ന അടുക്കള ഉപകരണങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്നതുമാണ് ഇവിടുത്തെ വിഭവങ്ങൾ. ചോറ്, സാമ്പാർ, ഉപ്പേരി, അച്ചാർ, പപ്പടം,മോര് അല്ലെങ്കിൽ രസം എന്നിവയാണ് ഇവിടുത്തെ വിഭവങ്ങൾ. പ്രായമായവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഇത് തയ്യാറാക്കുന്നത്. ഹെൽത്ത് ഡ്രിംഗ് ആയി കഞ്ഞി വെള്ളവും നൽകുന്നുണ്ട്. ഉച്ചയ്ക്ക് 12.30 മുതൽ ആരംഭിക്കുന്ന ഉച്ചയൂണ് നേരത്തെ തന്നെ തയ്യാറാക്കും. എന്നാൽ 2 മണിക്ക് ശേഷം ചെന്നാലും ചൂടോടെ ഭക്ഷണം കഴിക്കാം. സ്റ്റീമർ ഉപയോഗിച്ച് എല്ലാ വിഭവങ്ങളും പാചകം ചെയ്യുന്നതിനാലാണ് എപ്പോഴും ഭക്ഷണത്തിൽ ചൂട് നിലനിർത്താൻ കഴിയുന്നത്. ഗ്രൈൻഡർ അടക്കമുള്ള ഭക്ഷ്യ ഉപകരണങ്ങൾ ഫുഡ് സേഫ്റ്റി 304 ഗ്രാൻഡ് ക്വാളിറ്റി ഉള്ളതിനാൽ മികച്ച രീതിയിൽ ഭക്ഷണം പാകം ചെയ്യാനാവുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. പാത്രങ്ങൾ നിലവാരമുള്ള സ്റ്റീൽ ഉപയോഗിച്ചുളളവയാണ്. നൂറിലേറെ പേർക്ക് ഒരേ സമയം ഉച്ചയൂണ് കഴിക്കാനുളള സൗകര്യമാണ് കാൻറ്റീനിൽ ഉള്ളത്. ട്രോളിയിലാണ് ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നത്. പച്ചക്കറികൾ അരിഞ്ഞെടുക്കാനുളള പുതിയ സംവിധാനങ്ങളും ഇവിടെയുണ്ട്. കാൻറ്റീൻ ബെയ്ൻ മാരി ട്രോളിയിൽ ഉച്ചയൂണും അനുബന്ധ പദാർത്ഥങ്ങളും നിരയായി വയ്ക്കാനും ആവശ്യത്തിന് എടുത്ത് ഉപയോഗിക്കുവാനും സംവിധാനങ്ങൾ ഉണ്ട്.
കുറവ് എണ്ണയിൽ മീൻ വറക്കുന്നതിനുളള ഷാലോ ഫാറ്റ് ഫിഷർ ഉപകരണവും കാൻറീനിൽ ഉണ്ട്. ഇതിലൂടെ ആരോഗ്യപരമായ രീതിയിൽ മീൻ വറവ് വിഭവങ്ങളും കഴിക്കാം. കൂടാതെ യന്ത്രസഹയാത്തോടെ മുറിച്ച മീൻ മുളക് ചേർത്ത് സൂക്ഷിക്കുന്ന പുത്തൻ സൗകര്യങ്ങളും അടുക്കളയിലുണ്ട്. ആധുനിക സൗകര്യത്തോടെയുളള ഹുഡ് എന്ന പുക രഹിത അടുപ്പാണ് മറ്റൊരു പ്രത്യേകത. അടുക്കളയുട പുറത്ത് പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിച്ചാണ് ഗ്യാസ് സംവിധാനം ഒരുക്കിയിട്ടുളളത്. ഒരു ഗ്യാസ് കണക്ഷനിൽ നിന്ന് ഒരേസമയം ഒട്ടേറെ കണക്ഷനുകൾ പ്രവർത്തിക്കും. പരിശീലനം ലഭിച്ച പത്തോളം കുടുംബശ്രീ പ്രവർത്തകരാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. നഗരസഭയിലെ തുമ്പപ്പൂ കുടുംബശ്രീയ്ക്കുവേണ്ട മാർഗനിർദ്ദേശവുമായി യുവ സംരംഭകനായ ഐഫ്രം ഗ്രൂപ്പും സജീവമായി കാൻറീനിലുണ്ട്.
നിശ്ചിത സമയം വരെ മാത്രമാണ് 20 രൂപയ്ക്ക് ഊണ് ലഭിക്കുക. സ്പെഷ്യൽ വിഭവങ്ങൾ വാങ്ങുന്നവർ അതിനുള്ള പൈസയും നൽകണം. വിശപ്പുരഹിത കാൻറീൻ നിർമ്മിക്കുന്നതിനായി 25,66,300 രൂപയാണ് നഗരസഭ ചിലവഴിച്ചത്. ഭക്ഷണം കഴിക്കാൻ നിർവാഹമില്ലാത്തവർക്കും രോഗികൾക്കുമായി പത്ത് സൗജന്യ ഭക്ഷണമാണ് നഗരസഭ ദിവസവും നൽകുക. നഗരസഭയിലെ ഒരു ചാക്ക് പ്ളാസ്റ്റിക് മാലിന്യം വേർതിരിച്ച് നൽകുന്നവർക്കും സൗജന്യ ഭക്ഷണം നൽകും. നഗരസഭ സെക്രട്ടറി മുഖേന കർഷകർക്ക് പച്ചക്കറികൾ നൽകാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്.