മറക്കാതിരിക്കാം ഈ ലോക മലയാളിയെ

0

ഡോ.  സന്തോഷ് മാത്യു എഴുതുന്നു

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രസംഗത്തിന് 60 ആണ്ട് തികഞ്ഞിരിക്കുകയാണ്. ഏഴ് മണിക്കൂറും 48 മിനിറ്റും നീണ്ട ആ പ്രസംഗം ഒരു മലയാളിയുടെ പേരിലുള്ളതാണ്. വി കെ കൃഷ്ണമേനോന്‍ എന്നറയിപ്പെടുന്ന കോഴിക്കോട് പന്നിയങ്കരയില്‍ 1896ല്‍ ജനിച്ച വേങ്ങാലില്‍ കൃഷ്ണന്‍ കൃഷ്ണമേനോനാണ് ആ ചരിത്രം സൃഷ്ടിച്ചത്.

അതോടെ വി കെ കൃഷ്ണമേനോന്‍ രാജ്യന്തര വേദിയില്‍ അറിയപ്പെടുന്നത് Hero of Kashmir എന്നായി. 1957 ജനുവരി 23ന് അഞ്ച് മണിക്കൂറും ജനുവരി 24ന് രണ്ട് മണിക്കൂര്‍ 48 മിനിറ്റും നീണ്ടു നിന്നതായിരുന്നു കൃഷ്ണമേനോൻ്റെ ആ പ്രസംഗം. കൃഷ്ണമേനോന് മുന്‍പോ ശേഷമോ ഇത്രയും നീണ്ടുനിന്ന പ്രസംഗം യുഎന്‍ ചരിത്രത്തിലുമില്ല.

യുഎന്‍ പൊതുസഭയില്‍ പ്രാസംഗികര്‍ക്ക് തടസ്സമില്ലാതെ എത്ര സമയം വേണമെങ്കിലും സംസാരിക്കാം. അമേരിക്കന്‍ കോണ്‍ഗ്രസിൻ്റെ ഉപരിസഭയായ സെനറ്റിലും ഇത്തരമൊരു സൗകര്യമുണ്ട്. സെനറ്റര്‍മാര്‍ പലപ്പോഴും അവര്‍ക്കിഷ്ടമുള്ള സമയം പ്രസംഗിക്കാന്‍ എടുക്കുന്ന filibusturing എന്ന സമ്പ്രദായം യുഎന്‍ പൊതുസഭയും അവലംബിച്ചു വരുന്നു. അങ്ങനെയാണ് filibusturing ൻ്റെ ബലത്തില്‍ കൃഷ്ണമേനോന്‍, കാശ്മീരിനെ സംബന്ധിച്ച ചരിത്ര പ്രസിദ്ധമയി ഈ പ്രസംഗം നടത്തുന്നത്.

കേരളം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ നല്‍കിയ പ്രധാന സംഭാവനകളില്‍ ഒന്നാണ് വി കെ കൃഷ്ണമേനോന്‍ എന്ന പ്രതിഭ. സ്വാതന്ത്ര്യപ്രാപ്തിയുടെ 70 ാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍ ആദ്യ രണ്ട് പതീറ്റാണ്ട് ഇന്ത്യന്‍ വിദേശ നയത്തിൻ്റെ ശില്‍പികളില്‍ പ്രധാനി എന്തുകൊണ്ടും കൃഷ്ണമേനോന്‍ ആണെന്ന് പറയുന്നതില്‍ തെറ്റില്ല.

ചേരിചേരാ പ്രസ്ഥാനത്തിന് ആ പേര് നിര്‍ദേശിച്ച വ്യക്തിയും അദ്ദേഹമായിരുന്നു. ലോകപ്രസിദ്ധമായ പെന്‍ഗ്വിന്‍ ബുക്ക്‌സിൻ്റെ സഹസ്ഥാപകരില്‍ ഒരാളുമായിരുന്നു കൃഷ്ണമേനോന്‍. ലണ്ടനില്‍ നിന്നുള്ള ഈ പുസ്തകശാലയിലാണ് പുറംചട്ട paper back ആദ്യമായി പരീക്ഷിച്ചത്. പുസ്തകത്തിൻ്റെ ചെലവും കനവും കുറയ്ക്കുന്ന paper back ൻ്റെ ഉപജ്ഞാതാവും അദ്ദേഹം തന്നെ.

നയതന്ത്ര രംഗത്ത് നെഹ്രുവിന് ചാണക്യ തന്ത്രങ്ങള്‍ ഉപദേശിച്ചു കൊടുത്തിരുന്ന കൃഷ്ണമേനോനെ പാശ്ചാത്ത്യ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ഇന്ത്യന്‍ റാസ്പുട്ടിന്‍ എന്നായിരുന്നു. പ്രായോഗിക വാദത്തിൻ്റെ എക്കാലത്തേയും മികച്ച വക്താവായിരുന്നു അദ്ദേഹം. കാശ്മീരില്‍ സ്വാതന്ത്ര്യ റഫറണ്ടം നടത്തിയാലുണ്ടാവുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് അത്യന്തം ബോധവാനായിരുന്ന അദ്ദേഹം യുഎന്‍ വേദികളില്‍ കൂടുതല്‍ സമയവും വിനിയോഗിച്ചത് കാശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ നിര്‍ത്താനായിരുന്നു.

ലണ്ടനിലെ പഠനകാലത്ത് തന്നെ ചങ്ങാത്തം സ്ഥാപിച്ച നെഹ്രു, കൃഷ്ണമേനോനെ 1953ല്‍ മദ്രാസ് സംസ്ഥാനത്ത് നിന്ന് രാജ്യസഭയില്‍ എത്തിച്ചു. 1956ല്‍ നെഹ്രു മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായെങ്കിലും 57ല്‍ പ്രതിരോധ മന്ത്രിയാക്കി. ഈ വര്‍ഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബോംബെ നിയോജകമണ്ഡലത്തില്‍ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

നിരവധി പരിഷ്‌ക്കാരങ്ങളാണ് പ്രതിരോധ രംഗത്ത് നടപ്പിലാക്കിയത്. ഇതോടെ വലിയൊരു വിഭാഗം ശത്രുക്കളായി. സൈന്യത്തിലെ പദവികളില്‍ സീനിയോറിറ്റിക്ക് പകരം മെറിറ്റാവണം മാനദണ്ഡം എന്ന് നിര്‍ദേശിച്ചതും ഏറെ ശത്രുക്കളെ സൃഷ്ടിച്ചു. 1961ല്‍ ഗോവയെ പോര്‍ച്ചുഗീസില്‍ നിന്ന് വിമോചിപ്പിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. അന്ന് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോണ്‍ എഫ് കെന്നഡി ഉള്‍പ്പെടെയുള്ളവര്‍ ഗോവന്‍ വിമോചനത്തിൻ്റെ പേരില്‍ വിമര്‍ശിച്ചിരുന്നു. നെഹ്രുവിന കൗശലക്കാരനായ ചെകുത്താന്‍ കൂട്ടുകാരന്‍ എന്ന് ആക്ഷേപിച്ചവരും കുറവല്ല.

1962ലെ ഇന്ത്യ ചൈന യുദ്ധത്തിലുണ്ടായ കെടുതിയുടെ പേരിലും പഴികേള്‍ക്കാനായിരുന്നു അദ്ദേഹത്തിൻ്റെ ദുര്യോഗം. നെഹ്രുവിനെ നയിക്കുന്ന പാമ്പാട്ടിയായി ടൈം മാഗസിന്‍ മുഖചിത്രം നല്‍കി. പ്രശസ്തമായ ടൈം മാഗസിൻ്റെ മുഖച്ചിത്രമായി വന്ന ഏക മലയാളി ആയിരുന്നു അദ്ദേഹം.

1964ല്‍ തൻ്റെ രാഷ്ട്രീയ അപ്പസ്‌തോലനായ നെഹ്രുവിൻ്റെ മരണത്തോടെ വി കെ കൃഷ്ണമേനോൻ്റേയും പ്രതാപകാലം അവസാനിച്ചുവെന്ന് പറയാം. നെഹ്രുവിൻ്റെ മകള്‍ ഇന്ദിരയുമായി പലകാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

1967ല്‍ വടക്ക് കിഴക്ക് ബോംബൈയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചെങ്കിലും തോറ്റു. 78ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. എന്നാല്‍ 71ല്‍ ഇഎംഎസിൻ്റെ പിന്തുണയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്തു നിന്നും ലോകസഭയില്‍ എത്തി. 1974ല്‍ മരണമടയുന്നതു വരെ പാര്‍ലമെൻ്റംഗമായിരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ അഴിമതി ആരോപണവും അദ്ദേഹത്തിൻ്റെ പേരിലാണ്. 1948ല്‍ സൈന്യത്തിനായി ബ്രിട്ടനില്‍ നിന്ന് ജീപ്പ് ഇറക്കുമതി ചെയ്തതില്‍ മതിയായ ജാഗ്രത പുലര്‍ത്തിയില്ലെന്ന ആരോപണം ഉയര്‍ന്നു. മുണ്ഡര ജീപ്പ് കുംഭകോണം എന്ന പേരിലായിരുന്നു ആ അഴിമതി ആരോപണം അറിയപ്പെട്ടത്. ലണ്ടനിലെ ആദ്യ ഹൈക്കമ്മീഷണറായ അദ്ദേഹം പ്രോട്ടോക്കോള്‍ തെറ്റിച്ച് വ്യാപാരത്തിന് തിടുക്കം കൂട്ടി എന്നായിരുന്നു ആരോപണം.

അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളിലേയും എഴുത്തുകളിലേയും പല ഉദ്ദരണികളും ഇപ്പോഴും നയതന്ത്ര ലോകത്തിന് കാണാപാഠമാണ്. നിരായുധീകരണത്തിനായി എന്നും നിലകൊണ്ട Either man will abolish war, or war will abolish man എന്ന വാചകം ഇപ്പോഴും ബധിര കര്‍ണങ്ങളിലാണ് അടിച്ചുകൊണ്ടിരിക്കുന്നത്. മലയാളി 1947 ന് മുമ്പ് അദ്ദേഹത്തെ അധികം അറിഞ്ഞിരുന്നില്ല. 74ന് ശേഷവും വിസ്മരിക്കാന്‍ ശ്രമിക്കുന്നു. ആദിശങ്കരന് ശേഷം ഒരു പക്ഷേ ലോകം അറിയുകയും ആദരിക്കുകയും ചെയ്ത മലയാളി വി കെ കൃഷ്ണമേനോനാകും.

1974 ഒക്ടോബര്‍ 6ന് 78 ാമത്തെ വയസ്സില്‍ അന്തരിച്ച അദ്ദേഹത്തിൻ്റെ അനുശോചന കുറിപ്പില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറിച്ചത് ‘ഒരു അഗ്നി പര്‍വതം എരിഞ്ഞടങ്ങി’ എന്നാണ്. 1984ലെ കൃഷ്ണമേനോന്‍ അനുസ്മരണ ചടങ്ങില്‍ കെ ആര്‍ നാരായണന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ഇന്ത്യയ്ക്ക് മഹത്തായ പാരമ്പര്യവും സംസ്‌ക്കാരവും മാത്രമല്ല മഹാന്മാരും ഉണ്ട്. ‘ബുദ്ധന്‍ മുതല്‍ ഗാന്ധി വരെ, അശോകന്‍ മുതല്‍ നെഹ്രു വരെ, കൗടില്യന്‍ മുതല്‍ കൃഷ്ണമേനോന്‍ വരെ’ .

ഡല്‍ഹിയിലെ വി കെ കൃഷ്ണമേനോന്‍ തെരുവും, കണ്ണൂരിലെ കൃഷ്ണമേനോന്‍ സ്മാരക കോളേജും, കോഴിക്കോട്ടെ കൃഷ്ണമേനോന്‍ മ്യൂസിയവും ഉണ്ടെങ്കിലും കൃഷ്ണമേനോന്‍ എന്ന പ്രതിഭയെ മലയാളി വേണ്ടവിധം പഠിച്ചോ എന്നത് ഗൗരവമായി ചിന്തിക്കേണ്ടത് തന്നെയാണ്. നിരവധിയായ പ്രതിഭകലുടെ ഉടമയായ അദ്ദേഹത്തെ നീണ്ട പ്രസംഗത്തിന്റെ 60 ാം വര്‍ഷത്തില്‍ സ്മരിക്കാനെങ്കിലും നമുക്ക് സാധിക്കണം.

ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫസര്‍
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി
പോണ്ടിച്ചേരി