ബിജെപി ശക്തമായി തിരിച്ചെത്തുമെന്ന് വി മുരളീധരന്‍

0

തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബിജെപി ഒളിച്ചോടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനാധിപത്യത്തിലെ ഏറ്റവും വലിയ തിരുത്തല്‍ ശക്തിയായ ബിജെപി തിരിച്ചെത്തുക തന്നെ ചെയ്യും. മുഖ്യമന്ത്രി ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണങ്ങളാണ്, അതിനെ രാഷ്ട്ട്രീയമായി തന്നെ നേരിടുമെന്നും വി മുരളീധരന്‍ പറഞ്ഞു.

ഇപ്പോഴുള്ള കൊവിഡ് സാഹചര്യം കൊണ്ടാണ് കേരളത്തിലും അസമിലും നിലവിലുള്ള സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയത്. കേന്ദ്രത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനം അവരുടേതായി ചിത്രീകരിച്ചു. ഇതെല്ലാം ബിജെപിയുടെ പരാജയത്തിന് കാരണമായെന്ന് പാര്‍ട്ടി വിലയിരുത്തുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വോട്ട് കച്ചവടം ആരോപിക്കുമ്പോള്‍ ചുരുങ്ങിയത് 2016ലേയും 2019ലേയും തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കണം. ആ സമയങ്ങളില്‍ സിപിഐഎമ്മിന്റെ വോട്ട് കുറഞ്ഞത് കച്ചവടമാണോ എന്നും വിജയത്തിന്റെ മാറ്റ് കുറയുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലെ വിലയിരുത്തലുകള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.