ജൂണ്‍ ഒന്നിനകം സാധാരണ പോലെ സംസ്ഥാനത്ത് മണ്‍സൂണ്‍ എത്തുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. ഇത്തവണത്തെ മണ്‍സൂണ്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഈ പ്രവചനം ആദ്യ കാല സൂചനയാണെന്നും മെയ് 15നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക പ്രവചനം ഉണ്ടാകുകയെന്നും മെയ് 31നാണ് മഴയുടെ പ്രവചനമെന്നും ഭൗമ മന്ത്രാലയ സെക്രട്ടറി എം രാജീവന്‍ ട്വീറ്റ് ചെയ്തു.
ഇക്കാര്യത്തില്‍ മെയ് 15ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഈ വര്‍ഷത്തെ മണ്‍സൂണ്‍ സാധാരണയുള്ള ശരാശരി മഴയുടെ 98 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ ഏപ്രില്‍ 16ന് നടത്തിയ പ്രവചനത്തില്‍ നിന്നും വ്യക്തമാക്കുന്നത്. ഇതില്‍ 5 ശതമാനം വരെ വ്യത്യാസമുണ്ടാകുമെന്നും പറയുന്നു.
കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ രാജ്യത്ത് മണ്‍സൂണ്‍ മഴ ശരാശരിക്കും മുകളിലായിരുന്നു. എന്നാല്‍ ഇത്തവണ കാര്യമായ വ്യത്യാസം ഉണ്ടാകില്ല. സാധാരണ നിലയിലായിരിക്കും ഇത്തവണത്തെ മണ്‍സൂണ്‍. കാര്‍ഷിക മേഖലയേയും സമ്പദ്വ്യവസ്ഥയേയും സഹായിക്കുന്ന തരത്തിലായിരിക്കും വരാന്‍ പോകുന്ന മണ്‍സൂണ്‍ എന്നും അധികൃതര്‍ വിലയിരുത്തുന്നു.