അക്കൗണ്ടുകള്‍ പൂട്ടി സിപിഎമ്മും ബിജെപിയും

0

കേരളത്തില്‍ ബിജെപി അക്കൗണ്ട് പൂട്ടിയപ്പോള്‍ പശ്ചിമ ബംഗാളില്‍ അക്കൗണ്ട് പൂട്ടി സിപിഎം അടക്കമുള്ള ഇടതു കക്ഷികളും കോണ്‍ഗ്രസും. മൂന്ന് പതീറ്റാണ്ടോളം സംസ്ഥാനം തുടര്‍ച്ചയായി ഭരിച്ച കക്ഷിയാണ് സിപിഎം എന്നത് കൂട്ടി വായിക്കുമ്പോഴാണ് ദയനീയ സ്ഥിതി വ്യക്തമാകുന്നത്.

കേരള ചരിത്രത്തില്‍ 2016ലാണ് ബിജെപി ആദ്യമായി നിയമസഭയില്‍ അക്കൗണ്ട് തുറന്നത്. ഒ രാജഗോപാല്‍ എന്ന അവരുടെ തലമുതിര്‍ന്ന നേതാവിലൂടെ ആദ്യമായി താമര വിരിഞ്ഞു. ആകെയുള്ള ആ സീറ്റും കളഞ്ഞു കുളിച്ച നിലയിലാണ് ബിജെപി ഇപ്പോൾ. രണ്ടക്കമില്ലെങ്കിലും അഞ്ച് സീറ്റെങ്കിലും നേടും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിജെപി ആര്‍എസ്എസ് നേതാക്കള്‍.

വോട്ടെണ്ണുമ്പോള്‍ ഒരു ഘട്ടത്തില്‍ നാല് മണ്ഡലങ്ങളില്‍ വരെ ലീഡ് ഉയര്‍ത്തുവാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഇതില്‍ പാലക്കാട് ഇ ശ്രീധരനും തൃശൂരില്‍ സുരേഷ് ഗോപിയും വിജയം ഉറപ്പിക്കും എന്നും കരുതി. നേമത്ത് കുമ്മനം രാജശേഖരന്‍ മെല്ലെ ലീഡ് ഉയര്‍ത്തുകയായിരുന്നു. കെ മുരളീധരന്‍ കുമ്മനത്തിന് ലഭിക്കേണ്ട വോട്ടുകള്‍ സമാഹരിച്ചതോടെ ശിവന്‍കുട്ടിക്ക് മുന്നേറാനായി. ബിജെപി ശക്തമായ മേഖലകളില്‍ കടന്നുകയറാന്‍ മുരളീധരന് കഴിഞ്ഞു എന്നതാണ് കുമ്മനത്തിന് വിനയായത്.

കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് ശക്തമായ സാന്നിധ്യം ഉണ്ടാക്കാന്‍ പോലുമായില്ല. കഴിഞ്ഞ തവണ 60ല്‍ അധികം വോട്ടിന് മാത്രം നഷ്ടപ്പെട്ട മഞ്ചേശ്വരം മണ്ഡലം ഇക്കുറി പിടിച്ചെടുക്കും എന്ന് പ്രഖ്യാപിച്ച സുരേന്ദ്രൻ്റെ പരാജയം ദയനീയമായി. ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയെന്നത് ആശ്വസിക്കാമെങ്കിലും കോന്നിയില്‍ മൂന്നാമതായി.

മുന്നേറിയെങ്കിലും ബിജെപി കോട്ടകളില്‍ നിന്ന് മുഴുവന്‍ വോട്ടുകളും സമാഹരിക്കാന്‍ കഴിയാത്തതാണ് പാലക്കാട് ഇ ശ്രീധരൻ്റെ പരാജയത്തിന് കാരണമെന്ന് കരുതുന്നു. നഗരസഭക്ക് പുറത്തുള്ള പഞ്ചായത്തുകളില്‍ ഷാഫി പറമ്പില്‍ വോട്ടുകള്‍ പിടിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഇത് ആവശ്യമായിരുന്നു.

കേരളത്തില്‍ ആദ്യമായി നേടിയ ഒരു സീറ്റാണ് ബിജെപിക്ക് നഷ്ടമായതെങ്കില്‍ പശ്ചിമ ബംഗാളിലെ തോല്‍വി സിപിഎമ്മിന് താങ്ങാനാവില്ല. കേരളത്തിലെ ശത്രുവായ കോണ്‍ഗ്രസുമായി പരസ്യ ധാരണ ഉണ്ടാക്കിയിട്ടും ഒരു സീറ്റ് പോലും നേടാനായില്ല എന്നത് ദയനീയത വ്യക്തമാക്കുന്നു. ദേശീയ പാര്‍ടി എന്ന സാങ്കേതികത്വം ഉണ്ടെങ്കിലും ഇനി കേരള പാര്‍ടിയായി അറിയപ്പെടാനാണ് യോഗം.

സിപിഎം മാത്രമല്ല, മുന്നണിയായി മത്സരിച്ച കോണ്‍ഗ്രസ് അടക്കമുള്ളവരെല്ലാം സംപൂജ്യരാണ് ബംഗാളില്‍. രാഹുല്‍ഗാന്ധി അടക്കമുള്ളവരെല്ലാം പ്രചാരണം നയിച്ചിട്ടും ഒരു സീറ്റ് പോലും നേടാനായില്ല എന്നത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവും.