മെയ് ദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ അനുമോദിച്ച് മുഖ്യമന്ത്രി

0

മെയ് ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിച്ച് മുഖ്യമന്ത്രി. ആരോഗ്യപ്രവര്‍ത്തകര്‍ അതീവദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്ത് കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ പിഴവുകള്‍ക്കോ, നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ക്കോ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ മോശമായി പെരുമാറുന്ന പ്രവണത തടയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധത്തിനായി സ്വയം സമര്‍പ്പിതരായി പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരേയിം സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ ഹാര്‍ദ്ദമായി അഭിവാദ്യം ചെയ്യുന്നു. പുതിയ രോഗവ്യാപനം ആരോഗ്യപ്രവര്‍ത്തകരുടെ തൊഴിലിന്റെ സമ്മര്‍ദ്ദം വളരെ ഉയര്‍ത്തിയിരിക്കുകയാണ്. സമൂഹത്തിന്റെ ഐക്യത്തോടെയുള്ള പിന്തുണയും സഹകരണവും ആരെക്കാളും അവര്‍ അര്‍ഹിക്കുന്നുണ്ട്. അവരുടെ മനോവീര്യം നഷ്ടപ്പെടാതെ കാക്കേണ്ടത് നമ്മുടെ അതിജീവനത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്നു കൂടി ഓര്‍ക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഒരു ദിവസം 5 ലക്ഷത്തോളം മനുഷ്യരെ പരിപാലിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അവര്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. അത് ഏറ്റവും അനായാസമായി നിര്‍വഹിക്കാന്‍ അവരെ സഹായിക്കുക എന്ന ഉത്തരവാദിത്തം സമൂഹം എന്ന നിലക്ക് നമ്മള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.