ലൈംഗിക ശേഷി വര്‍ധിപ്പിക്കുമെന്ന വിശ്വാസം, കഴുത ഇറച്ചിക്ക് വന്‍ ഡിമാൻ്റ്

0

കാമാസക്തി വര്‍ധിപ്പിക്കാന്‍ ദക്ഷിണേന്ത്യയില്‍ കഴുത ഇറച്ചി കഴിക്കുന്നവരുടെ എണ്ണം കൂടുന്നു. ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലാണ് ലൈംഗിക ശേഷി വര്‍ധിപ്പിക്കാന്‍ കഴുത ഇറച്ചി കഴിക്കുന്നത്.

കഴുത ഇറച്ചി ഇന്ത്യയിലെ പുതിയ വയാഗ്ര എന്ന നിലയിലാണ് പലരും പരിചയപ്പെടുത്തുന്നത്. കടുവയുടെ ലിംഗം ലൈംഗിക ശേഷി വര്‍ധിപ്പിക്കുമെന്ന വിശ്വാസം ഏഷ്യന്‍ രാജ്യങ്ങളില്‍ പൊതുവെയുള്ളതാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കഴുത ഇറച്ചിയും വയാഗ്രയുടെ റോളിലേക്ക് എത്തുന്നത്. പ്രാചീന ചൈനയില്‍ ഉണ്ടായിരുന്നതാണ് കഴുത ഇറച്ചിയ്ക്ക് ലൈംഗിക ശേഷി വര്‍ധിപ്പിക്കാനും ആസ്തമ മാറ്റാനും കഴിവുണ്ടെന്ന വിശ്വാസം.

എന്നാല്‍ ഈ വിശ്വാസത്തെ ആശങ്കയോടെയാണ് മൃഗസ്‌നേഹികള്‍ കാണുന്നത്. കഴുത വംശത്തിൻ്റെ നിലനില്‍പ്പിനെ ബാധിക്കുമോ എന്നാണ് അവരുടെ ഭയം. ഇറച്ചിക്കായി കഴുതകളെ ആന്ധ്രാപ്രദേശിലേക്ക് മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് നിയമം ലംഘിച്ച് കടത്തുന്നുണ്ട്. കൃഷ്ണ, പടിഞ്ഞാറന്‍ ഗോദാവരി, ഗുണ്ടൂര്‍, പ്രകാശം തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായും നിയമവിരുദ്ധമായി കഴുത കച്ചവടം നടക്കുന്നത്.

പൂപ്പി എന്ന പേരിലാണ് ആന്ധ്രിയില്‍ കഴുത ഇറച്ചി അറിയപ്പെടുന്നത്. ഒരു കിലോഗ്രാം ഇറച്ചിക്ക് 600 രൂപയാണ് സാധാരണ വില. പതിനായിരം മുതല്‍ ഇരുപതിനായിരം വില കൊടുത്താണ് പലരും കഴുതകളെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കടത്തുന്നത്. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗോപാല്‍ ആര്‍ സുരഭത്തുലയുടെ അഭിപ്രായത്തില്‍ എല്ലാ വ്യാഴാഴ്ചയും ഞായറാഴ്ചയും കഴുത ചന്തകള്‍ നടക്കുന്നുണ്ട്. കുറഞ്ഞത് 100 കഴുതകളെയെങ്കിലും കശാപ്പ് ചെയ്ത് ഇറച്ചിയായി വില്‍ക്കുന്നുമുണ്ട്.

ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻ്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മൃഗ ഇറച്ചി എന്ന വിഭാഗത്തില്‍ കഴുത ഇറച്ചി ഇല്ല. അതിനാല്‍ ഇറച്ചിക്കായി കഴുതകളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും നിയമ വിരുദ്ധമാണ്. തെറ്റായ വിശ്വാസത്തിൻ്റെ പുറത്ത് നിയമ വിരുദ്ധമായി നടക്കുന്ന ഇത്തരം ക്രൂരത തടയാന്‍ ശക്തമായ നടപടി വേണമെന്ന് മൃഗസ്‌നേഹികള്‍ ആവശ്യപ്പെടുന്നു.

കഴുതകളുടെ സംരക്ഷണം നടത്തുന്ന ബ്രിട്ടീഷ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ 2019ല്‍ പുറത്തു വിട്ട കണക്ക് പ്രകാരം 48 ലക്ഷം കഴുതകളെയാണ് ചൈനയിലെ പാരമ്പര്യ മരുന്നായ ഇജിയാവോക്കായി കൊല്ലുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കഴുതകളുടെ എണ്ണം അടുത്ത അഞ്ച് വര്‍ഷത്തില്‍ 60 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നു.