ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹര്‍ജി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. രാജ്യസഭ തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ അനുവദിക്കണമെന്നും എംഎല്‍എ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ഇബ്രാഹിം കുഞ്ഞ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടുവെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ ഹര്‍ജി കോടതി തള്ളിയത്.
എറണാകുളം ജില്ല വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നുമുള്ള ഉപാധികളോട് കൂടിയാണ് ഇബ്രാഹിം കുഞ്ഞിന് മുമ്പ് കോടതി ജാമ്യം നല്‍കിയത്. ആരോഗ്യസ്ഥിതി കണക്കിലെടുത്തുകൊണ്ടായിരുന്നു അന്ന് ജാമ്യം അനുവദിച്ചത്.
കേസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 18നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസില്‍ മൂന്ന് തവണ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തിരുന്നു.