HomeIndiaവ്യവസായ ആവശ്യങ്ങള്‍ക്ക് ഓക്‌സിജന്‍ ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്രം

വ്യവസായ ആവശ്യങ്ങള്‍ക്ക് ഓക്‌സിജന്‍ ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്രം

വ്യവസായ ആവശ്യങ്ങള്‍ക്ക് ഓക്‌സിജന്‍ ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓക്‌സിജന്‍ ലഭ്യത വിതരണം എന്നിവ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര ഉന്നത തല യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് തീരുമാനം.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്ന ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായാണ് നടപടി. ഓക്‌സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്നും അന്തര്‍ സംസ്ഥാന ഓക്‌സിജന്‍ വിതരണം തടസപ്പെടുത്തരുതെന്നും പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

ഡല്‍ഹി ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന രോഗികളെയൊക്കെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ശാന്തിമുകുന്ദ് ആശുപത്രി സിഇഒ അറിയിച്ചു. നോയ്ഡ കൈലാഷ് ആശുപത്രിയില്‍ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തിവെച്ചു.

വിവിധ ആശുപത്രികളില്‍ തങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ഉപയോഗിക്കാനുള്ള ഓക്‌സിജനേ ലഭ്യമായുള്ളൂവെന്ന് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ അതുപോലും ലഭിക്കാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഓക്‌സിജന് ലഭ്യമല്ലാത്ത അവസ്ഥയില്‍ പുതിയ രോഗികളെ എടുക്കേണ്ട എന്ന തീരുനമാനത്തില്‍ എത്തിയിരിക്കുകയാണ് ശാന്തി മുകുന്ദ് ആശുപത്രിയും. പല ആശുപത്രികളും ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

Most Popular

Recent Comments