HomeKeralaതെക്കേ ഗോപുര നട തുറന്ന് ശിവകുമാര്‍, പൂരവിളംബരം നടത്തി നെയ്തിലക്കാവിലമ്മ

തെക്കേ ഗോപുര നട തുറന്ന് ശിവകുമാര്‍, പൂരവിളംബരം നടത്തി നെയ്തിലക്കാവിലമ്മ

വടക്കുന്നാഥ ക്ഷേത്രത്തിൻ്റെ തെക്കെ ഗോപുര നട തള്ളിത്തുറന്ന് നെയ്തിലക്കാവിലമ്മ. എറണാകുളം ശിവകുമാറിൻ്റെ പുറത്ത് എഴുന്നള്ളി നെയ്തിലക്കാവ് ഭഗവതി തൃശൂര്‍ പൂരത്തിന് വിളംബരം നടത്തി . കാത്ത് നിന്നവര്‍ പുഷ്പവൃഷ്ടിയോടെ വരവേറ്റു. മഹാമാരിക്കാലത്തെ കാണികള്‍ക്ക് പ്രവേശനമില്ലാത്ത പൂരം ചരിത്രത്തിലേക്ക് അങ്ങനെ നടന്നുകയറും.

രാവിലെ 11.50 കൊമ്പന്‍ എറണാകുളം ശിവകുമാര്‍ നെയ്തലക്കാവിലമ്മയുമായെത്തി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇക്കുറിയും പൂരം ചടങ്ങായി ചുരുക്കിയാണ് ആഘോഷം. എന്നാല്‍ മുന്‍ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ആള്‍ക്കൂട്ടങ്ങളും ആരവങ്ങളുമില്ലെങ്കിലും കാഴ്ചയുടെ പ്രൗഢി ചോരാതെയുള്ള ചടങ്ങിലാണ് ഇത്തവണത്തെ പൂരം.

തെച്ചിക്കോട്ട് രാമചന്ദ്രന്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്ന മഹാ ചടങ്ങാണ് തെക്കേ ഗോപുരനട തുറന്ന് വരുന്നത്. ഇക്കുറി രാമചന്ദ്രന് പകരമാണ് എറണാകുളം ശിവകുമാര്‍ എന്ന സുന്ദരന്‍ എത്തിയത്. പൂരവിളംബരം അറിയിച്ച് നെയ്തലക്കാവ് ഭഗവതിയുടെ എഴുന്നെള്ളത്ത് രാവിലെ എട്ടരയോടെ കുറ്റൂരില്‍ നിന്നും ആരംഭിച്ചു. രാവിലെ പത്തരയോടെ ശ്രീമൂലസ്ഥാനത്തെത്തിയ നെയ്തലക്കാവ് ഭഗവതി പതിനൊന്നരയോടെ വടക്കുന്നാഥൻ്റെ പ്രധാന കവാടമായ പടിഞ്ഞാറെ ഗോപുരവാതില്‍ വഴി അകത്ത് കയറി പ്രദക്ഷിണം വെച്ചു. പൂരത്തിനുള്ള അനുമതി തേടി.

പിന്നീട് തെക്കേഗോപുരത്തിലെത്തി മൂന്ന് തവണ മുട്ടി പൂരവിളംബരമറിയിച്ച് തെക്കേഗോപുരവാതില്‍ തുറന്നു. മഹാകാഴ്ച കാണാന്‍ മുന്‍ കാലങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് എത്താറുള്ളത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരോളം മാത്രമാണ് ഉണ്ടായിരുന്നത്. നെയ്തലക്കാവ് ഭഗവതി തുറന്നിട്ട തെക്കേഗോപുര വാതിലിലൂടെയാണ് ഘടകപൂരങ്ങളില്‍ ആദ്യമെത്തുന്ന കണിമംഗലം ശാസ്താവ് വടക്കുന്നാഥനില്‍ പ്രവേശിക്കുക.

തിരുവമ്പാടി ഒരാനപ്പുറത്താണ് ചടങ്ങുകള്‍ നടത്തുക. പ്രസിദ്ധമായ മഠത്തിലേക്കുള്ള യാത്രയും മഠത്തില്‍ നിന്നുള്ള വരവും പേരിന് മാത്രം. തെക്കോട്ടിറക്കത്തിനൊടുവില്‍ തിരുവമ്പാടിക്ക് കുടമാറ്റമില്ല.

പാറമേക്കാവിൻ്റെ പൂരത്തില്‍ പതിനഞ്ചാനകളുണ്ടാകും. കിഴക്കേ ഗോപുരം വഴി വടക്കുംനാഥനിലേക്ക്. അവിടെ ഇലഞ്ഞിത്തറ മേളം നടക്കും. പിന്നീട് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. രാത്രി ഇരുവിഭാഗവും വെടിക്കെട്ട് നടത്തും. പിറ്റേന്നാള്‍ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയലും ചടങ്ങായി മാത്രമാണ് നടക്കുക

Most Popular

Recent Comments