HomeKeralaഉത്തരവാദിത്വപ്പെട്ടവർ അനാവശ്യ ഭീതി ഉണ്ടാക്കരുത്: കെ സുരേന്ദ്രൻ

ഉത്തരവാദിത്വപ്പെട്ടവർ അനാവശ്യ ഭീതി ഉണ്ടാക്കരുത്: കെ സുരേന്ദ്രൻ

കൊവിഡ് രണ്ടാം തരം​ഗം രാജ്യത്ത് ശക്തമായിരിക്കുമ്പോൾ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നും അനാവശ്യമായി ഭീതി പരത്തുന്ന പ്രചരണം ഉണ്ടാകരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തെ എല്ലാ പൗരൻമാർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ഡിസംബർ 13 ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ വാക്സിന് വേണ്ടി കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്. കേന്ദ്രം നൽകുന്ന വാക്സിൻ വിതരണം ചെയ്യുന്ന പോസ്റ്റ്മാന്റെ ജോലി മാത്രമേ സംസ്ഥാനത്തിനുള്ളൂവെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മെയ് 1 മുതൽ പ്രായപൂർത്തിയായ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടുണ്ട്. എന്നിട്ടും വാക്സിൻ ഇല്ല എന്ന പ്രചരണം നടത്തി അനാവശ്യമായി പ്രധാനമന്ത്രിക്ക് കത്തയച്ച് ജനങ്ങളെ ഭീതിയിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. വാക്സിൻ കയ്യിലുണ്ടായിരുന്നപ്പോൾ 13 ശതമാനം വിതരണം മാത്രമാണ് കേരളത്തിൽ നടന്നത്. തിരഞ്ഞെടുപ്പ് വന്നപ്പോൾ ഒന്നും ചെയ്യാതിരുന്നവർ ഇപ്പോൾ രാഷ്ട്രീയമായി വാക്സിനെ ഉപയോ​ഗിക്കുകയാണ്.

പ്രളയകാലത്ത് നടന്നതിന് തുല്ല്യമായ അസത്യ പ്രചരണമാണ് ഇപ്പോൾ കേന്ദ്രസർക്കാരിനെതിരെ നടക്കുന്നത്. കൊവിഡിൻ്റെ തുടക്കത്തിൽ മോദി വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികളെ തിരിച്ചെത്തിക്കില്ലെന്നും കർണാടക മാത്രം കേരളത്തിലേക്കുള്ള അതിർത്തി അടയ്ക്കുന്നുവെന്നും പ്രചരണം നടത്തിയവരാണ് ഇപ്പോൾ വാക്സിൻ്റെ കാര്യത്തിലും കള്ള പ്രചരണം നടത്തുന്നത്. മോദി സർക്കാർ പിണറായി സർക്കാരിനെ പോലല്ല. പറഞ്ഞ വാക്ക് പാലിക്കുന്ന സർക്കാരാണ്. പരിഹരിക്കാൻ പറ്റുന്ന പ്രതിസന്ധിയേ രാജ്യത്ത് നിലനിൽക്കുന്നുള്ളൂ. അത് കേന്ദ്രസർക്കാർ പരിഹരിക്കുകയും ചെയ്യും. കൊവിഡ് പ്രതിരോധ പ്രവർത്തകർക്കുള്ള ഇൻഷൂറൻസ് കേന്ദ്രസർക്കാർ റദ്ദാക്കിയെന്ന് പ്രചരണം നടത്തിയവരാണ് ചില മാദ്ധ്യമങ്ങൾ. എന്നാൽ രണ്ട് ദിവസം മാത്രമേ അതിന് ആയുസുണ്ടായിരുന്നുള്ളൂവെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.

ബന്ധുനിയമന വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും തിരിച്ചടിവന്നപ്പോൾ എല്ലാം ഈശ്വരൻ തീരുമാനിക്കുമെന്നാണ് ജലീൽ പറയുന്നത്. ഇതെന്താ വെള്ളരിക്കാപട്ടണമാണോ? ഇവിടെ ശരീഅത്ത് നിയമമല്ല, ഇന്ത്യൻ ഭരണഘടനയാണ് ബാധകമെന്ന് എല്ലാവരും മനസിലാക്കണം. രണ്ടരക്കൊല്ലം അഴിമതിയുടെ വിഴുപ്പ് ജനങ്ങളുടെ മേൽ വെച്ചതിന് മുഖ്യമന്ത്രി മാപ്പു പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു

Most Popular

Recent Comments