HomeIndiaകുംഭമേളയില്‍ പങ്കെടുത്തു; നേപ്പാള്‍ മുന്‍ രാജാവിനും ഭാര്യക്കും കൊവിഡ്

കുംഭമേളയില്‍ പങ്കെടുത്തു; നേപ്പാള്‍ മുന്‍ രാജാവിനും ഭാര്യക്കും കൊവിഡ്

കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്കും ഭാര്യ കോമള്‍ രാജ്യ ലക്ഷ്മി ദേവിക്കും കൊവിഡ് സ്ഥിരീകരിച്ചു. മേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതിന് ശേഷമാണ് രണ്ട് പേര്‍ക്കും കൊവിഡ് പോസിറ്റീവായത്. ഞായറാഴ്ചയാണ് ഇരുവരും രാജ്യത്ത് മടങ്ങിയെത്തിയത്. രാജ്യത്ത് പ്രവേശിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് രാജ്യത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ഇരുവരും വീട്ടില്‍ ഐസൊലേഷനിലാണ്. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ഏപ്രില്‍ 8ന് ഇന്ത്യയിലെത്തിയ മുന്‍ രാജാവും പത്‌നിയും 12നാണ് കുംഭമേളയില്‍ പങ്കെടുത്തത്. മഹാകുംഭമേള പ്രത്യേക സമിതിയുടെ ക്ഷണ പ്രകാരമാണ് ഇരുവരും മുഖ്യാതിഥികളായി എത്തിയത്. ബാബാ രാംദേവിന്റെ പതഞ്ജലി യോഗാപീഠവും ഗ്യാനേന്ദ്ര ഷാ സന്ദര്‍ശിച്ചു. ഏപ്രില്‍ 11ന് ഗ്യാനേന്ദ്ര ഷാ തീര്‍ത്ഥാടകരും സന്യാസിമാരും അടങ്ങുന്ന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാതെയാണ് ഗ്യാനേന്ദ്ര സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതിനെതിരെ കനത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഇന്ത്യയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. 1761 പേര്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,80,530 ആയി ഉയര്‍ന്നു.

Most Popular

Recent Comments