തൃശൂര്‍ പൂരം; ആനകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കും

0

തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാനെത്തുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും. കൂടെ പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ആനകള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ. എല്ലാ ആന പാപ്പാന്മാര്‍ക്കും ആര്‍ടിപിസിആര്‍ ഫലം വേണമെന്നും വനം വകുപ്പ് അറിയിച്ചു. 40 അംഗസംഘമാണ് ആനകളെ പരിശോധിക്കുക. തലേദിവസം രാവിലെ 8 മണി മുതല്‍ 6 മണി വരെയാണ് പരിശോധന. പാപ്പാന്‍മാര്‍ക്ക് കൊവിഡ് പോസിറ്റീവായാല്‍ ആനകള്‍ക്കും അനുമതി നിഷേധിക്കുന്ന തരത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്.

പൂരത്തിന്റെ പ്രധാന സാരഥികളായ തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15നും 12നും മധ്യേ, പാറമേക്കാവില്‍ 12.05നും പൂരം കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തില്‍ തഴത്തുപുരക്കല്‍ കുടുംബം തയ്യാറാക്കിയ കൊടിമരം പൂജകള്‍ക്ക് ശേഷം ആര്‍പ്പുവിളികളോടെ തട്ടകക്കാര്‍ ഏറ്റുവാങ്ങിച്ചു. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തില്‍ ദേശക്കാരാണ് കൊടിയുയര്‍ത്തിയത്.
ചെമ്പില്‍ കുടുംബമാണ് പാറമേക്കാവിന് വേണ്ടി കൊടിമരം ഒരുക്കിയത്. കൊടിയേറ്റിന് ശേഷം പെരുവനം കുട്ടന്മാരാരുടെ മേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി വടക്കുംനാഥനിലെ ചന്ദ്രപുഷ്‌കര്‍ണിയിലേക്ക് ആറാട്ടിനായി എഴുന്നള്ളി.