തമിഴ് ഹാസ്യനടൻ വിവേക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 60 വയസ്സായിരുന്നു. തമിഴ് സിനിമയിൽ ഹാസ്യത്തിന് വേറിട്ട ശൈലി നൽകിയ നടനായിരുന്നു വിവേക്. തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിനെയടക്കം സിനിമയിൽ എത്തിച്ച കെ ബാലചന്ദറിന്റെ മാനതിൽ ഉരുതി വീണ്ടും എന്ന ചിത്രത്തിലൂടെയായിരുന്നു വിവേകിന്റെ അരങ്ങേറ്റം. തുടർന്ന് ഒരുപാട് സിനിമകളിൽ ഹാസ്യതാരമായി കാണികളെ തന്റെ തനതു ശൈലി കൊണ്ട് ചിരിപ്പിച്ചു അദ്ദേഹം. കുശി, മിന്നലെ, അലൈപായുതേ, ഉഴൈപ്പാളി, ശിവകാശി, അന്യൻ തുടങ്ങിയ 200 ലധികം ചിത്രങ്ങളിൽ വേഷമിട്ടു ജനങ്ങളുടെ പ്രിയ നടനായി.
ഒരു നുണക്കഥ എന്ന മലയാള സിനിമയിലും വിവേക് അഭിനയിച്ചിട്ടുണ്ട്. മധുരൈ കൊവിൽപ്പട്ടിയാണ് സ്വദേശം. വിവേകാനന്ദൻ എന്ന പേര് സിനിമയിൽ എത്തിയതോടെ വിവേക് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുകയായിരുന്നു. സാമൂഹ്യ വിഷയങ്ങളിൽ തന്റെ നിലപാടുകൾ തുറന്നു പറഞ്ഞിരുന്ന അദ്ദേഹം തമിഴ്നാട്ടിലെ വനവത്കരണ പദ്ധതികളിലടക്കം സജീവ പങ്കാളിയായിരുന്നു.
2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്കാരം മൂന്ന് തവണയാണ് അദ്ദേഹത്തെ തേടിയെത്തിയത്. കമലഹാസന്റെ ഇന്ത്യൻ-2 ആണ് പുറത്തിറങ്ങാനുള്ള ചിത്രം.