തെരഞ്ഞെടുപ്പിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ മത്സരിച്ച സുവേന്ദു, മാര്‍ച്ച് 29നാണ് വര്‍ഗീയ പ്രസംഗം നടത്തിയത്. രണ്ടാം ഘട്ടത്തിലായിരുന്നു നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് നടന്നത്.
മമത ബാനര്‍ജിക്ക് വോട്ട് ചെയ്യുന്നത് മിനി പാകിസ്താന് വേണ്ടി വോട്ടു ചെയ്യുന്നതിനു തുല്യമാണെന്നായിരുന്നു സുവേന്ദു അധികാരി പ്രസംഗിച്ചത്. പ്രസംഗത്തിനിനിടെ ‘ബീഗം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിപിഐ(എംഎല്‍)ന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുവേന്ദുവിനെതിരെ കേസ് എടുത്തത്.
മമതയുടെ വലം കയ്യായിരുന്ന സുവേന്ദു തൃണ നന്ദിമൂല്‍ കോണ്‍ഗ്രസിലെ ശക്തനായ നേതാക്കന്‍മാരില്‍ ഒരാളായിരുന്നു. പ്രമാദമായ നന്ദിഗ്രാം സമരത്തില്‍ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം പിന്നീട് മമതയുമായി തര്‍ക്കത്തിലാവുകയും പാര്‍ട്ടി വിടുകയുമായിരുന്നു.
ബിജെപിക്കെതിരെ എല്ലാ മുസ്ലിങ്ങളും വോട്ട് ചെയ്യണമെന്ന മമത ബാനര്‍ജിയുടെ ഹൂഗ്ലിയില്‍ നടത്തിയ പ്രസംഗത്തിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ അടുത്ത പോളിംഗ് ചൊവ്വാഴ്ച നടക്കും. മെയ് രണ്ടിനാണ് ഫലം അറിയുക.