മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

0

കൊവിഡ് 19 സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ചികിത്സക്കായി കണ്ണൂരില്‍ നിന്നും എത്തിച്ചു. മുഖ്യമന്ത്രിയുടെ ചികിത്സക്കായി സൂപ്രണ്ട് ഡോ ശ്രീജയന്റെ നേതൃത്വത്തിലുള്ള 7 അംഗ മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോലേജിലെത്തിച്ച മുഖ്യമന്ത്രിയെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും അദ്ദേഹത്തിന് മറ്റ് അസ്വസ്ഥകളൊന്നും തന്നെയില്ല. ചെറിയ ചുമ മാത്രമാണുള്ളത്. മറ്റ് അസുഖങ്ങളുള്ളതിനാല്‍ മുഖ്യമന്ത്രിക്ക് പ്രത്യേക ചികിത്സ നല്‍കേണ്ടതായിട്ടുണ്ട്. അതിനു വേണ്ടിയാണ് ചികിത്സക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ട്ട് രൂപീകരിച്ചത്.

കൊവിഡ് പോസിറ്റീവ് റിസള്‍ട്ട് വരുന്ന സമയത്ത് മുഖ്യമന്ത്രി പിണറായിയിലെ തന്റെ വസതിയിലായിരുന്നു. അവിടെ നിന്നാണ് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്. കൂടെ ഭാര്യയും പേരക്കുട്ടിയുമുണ്ട്. മകള്‍ വീണക്ക് കഴിഞ്ഞ ദിവസം കൊറോണ പോസിറ്റീവായിരുന്നു.

മുഖ്യമന്ത്രി ഒരു മാസം മുമ്പ് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.