കേരള പോലീസ് സൈബർ ഡോം അഞ്ചാമത് അന്താരാഷ്ട്ര ഹാക്കത്തോൺ 2021 ജൂണിൽ നടക്കും. ഉയർന്നു വരുന്ന സൈബർ ഭീഷണികളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി കേരള പൊലീസിന് നൂതനവും നിർണായകവുമായ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും, സാങ്കേതിക വിദ്യയിൽ ഉത്സുകരായവർക്ക് ഒത്തു ചേരുന്നതിനുള്ള വേദിയാണ് Hac’KP.
കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ Hac’KP 2021 ഉം പുതിയ രൂപത്തിൽ ഓൺലൈൻ ആയി നടത്തുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി “demystifying the dark web” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡാർക്ക് നെറ്റുമായി ബന്ധപ്പെട്ട് ക്രമസമാധാന മേഖലകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരൊറ്റ പരിഹാരം സൃഷ്ടിക്കുക എന്നതാണ് ലക്‌ഷ്യമിടുന്നത്. പങ്കെടുക്കുന്നവർക്കുള്ള എല്ലാ നിർദേശങ്ങളും പിന്തുണയും Hac’KP യുടെ വിദഗ്‌ധ ഉപദേശകർ നൽകും.
മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നവർക്കായുള്ള ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് 2021 ഫെബ്രുവരി 15 ന് ഹാക്കത്തോൺ ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മേൽനോട്ടത്തിൽ ആരംഭിച്ച രജിസ്‌ട്രേഷൻ ഏപ്രിൽ 10 ന് അവസാനിക്കും.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ൽ അധികം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് 40 ദിവസത്തോളം നീണ്ടുനിന്ന Hac’KP 2020 ഒരു വൻ വിജയമായിരുന്നു. ഈ ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കും സന്ദർശിക്കുക : https://hackp.kerala.gov.in/